ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഭാര്യ ഹസിൻ ജഹാൻ സുപ്രീംകോടതിയിൽ. ഷമിക്കെതിരേ ലോക്കൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനുള്ള സ്റ്റേ നീക്കംചെയ്യണമെന്ന ഹർജി തള്ളിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരേയാണ് ഹസിൻ സുപ്രീംകോടതിയെ സമീപിച്ചത്. ഷമിക്കെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കൊൽക്കത്തയിലെ സെഷൻസ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
ഷമിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്നും ബി.സി.സി.ഐ. യാത്രകളിൽ ബി.സി.സി.ഐ. അനുവദിക്കുന്ന ഹോട്ടൽ മുറികളിൽവെച്ച് അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടെന്നും ഹസിൻ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഇത് ഇപ്പോഴും തുടരുന്നു. ഇതുസംബന്ധിച്ച് ചോദ്യം ചെയ്തപ്പോൾ ഷമിയും കുടുംബവും ചേർന്ന് തന്നെ ഉപദ്രവിച്ചെന്നും ഹർജിയിലുണ്ട്. ഷമി നിരന്തരമായി സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ 2019 ഓഗസ്റ്റ് 19-ന് അലിപ്പോർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷമി 2019 സെപ്റ്റംബർ ഒൻപതിന് ഇതിനെതിരേ സെഷൻസ് കോടതിയിൽ പോയി. സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്തു. തുടർന്ന് ഹസിൻ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ഇതിനു പിന്നാലെയാണ് ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചത്. നിയമത്തിനു മുന്നിൽ സെലിബ്രിറ്റിയാണെന്ന പരിഗണനയുണ്ടാവരുത്. കഴിഞ്ഞ നാലുവർഷമായി കേസിൽ വിചാരണ നടക്കുന്നില്ല. സ്റ്റേ തുടരുകയാണെന്നും ഹസിൻ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
അഭിഭാഷകരായ ദീപക് പ്രകാശ്, നചികേത വാജ്പേയ്, ദിവ്യാങ്കണ മാലിക് വാജ്പേയ് എന്നീ അഭിഭാഷകർ മുഖേനയാണ് ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി മിന്നും ഫോമിലാണ് മുഹമ്മദ് ഷമി. ഒൻപത് കളികളിൽ നിന്നായി 17 വിക്കറ്റുകൾ പിഴുത താരം നിലവിൽ വിക്കറ്റുവേട്ടക്കാരിൽ ഒന്നാമതായി നിലകൊള്ളുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f





































