തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാട് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി വിവാദത്തില്‍. ഐ.ടി വകുപ്പിനെതിരായ അന്വേഷണം നടത്തുന്ന സമിതിയില്‍ ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ മേധാവിയും ഉള്‍പ്പെട്ടതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്.
സര്‍ക്കാരിന്റെ സ്പ്രിംക്ലര്‍ ഇടപാട് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹരജി വരികയും സംഭവം വിവാദമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇടപാടിനെക്കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചത്.
മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മാധവന്‍ നമ്പ്യാര്‍ മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. ഐ.ടി വകുപ്പിന് കീഴിലെ സ്വയം ഭരണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയുടെ ചെയര്‍മാനാണ് മാധവന്‍ നമ്പ്യാര്‍.
സ്പ്രിംക്ലര്‍ കരാറില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും ശേഖരിക്കുന്ന വിവരം സുരക്ഷിതമാണോ എന്നുമാണ് സമിതി അന്വേഷിക്കുന്നത്.
അതേസമയം ഐ.ഐ.ഐ.ടി.എം.കെയിലെ ഡയറക്ടര്‍ബോര്‍ഡ് അംഗം കൂടിയാണ് ഐ.ടി സെക്രട്ടറിയായ എം. ശിവശങ്കരന്‍. രണ്ടാമത്തെ അംഗം രാജീവ് സദാനന്ദന്‍ ടാറ്റയ്ക്ക് കീഴില്‍ ആരോഗ്യ രംഗത്തെ വിവരങ്ങള്‍ വിശകലനം ചെയ്യുന്ന എച്ച്.എസ്.ടി.പി എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയാണ്.
അതേസമയം കരാര്‍ പുനഃപരിശോധിക്കാന്‍ ഇവരെ നിയോഗിച്ചത് ഇടപാടിനെ വെള്ളപൂശാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഈ അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയുള്ളത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.