ന്യൂഡല്‍ഹി: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും കോടതിയില്‍!!
കേസിലെ പ്രതികളായ പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരാണ് മരണവാറണ്ടിന് സ്റ്റേ ആവശ്യപ്പെട്ട് ഡല്‍ഹി തീസ് ഹസാരി കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം, തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെയും ഹര്‍ജിയില്‍ പ്രതികള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. തിരുത്തല്‍ ഹര്‍ജി നല്‍കാനാശ്യമായ രേഖകള്‍ നല്‍കിയില്ലെന്നാണ് പ്രതികള്‍ ആരോപിക്കുന്നത്. അഭിഭാഷകനായ എപി സിംഗ് മുഖേനെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പട്യാല കോടതി ശനിയാഴ്ച പരിഗണിക്കും.
സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന വാദവുമായി പ്രതി പവൻ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് പുതിയ ഹര്‍ജിയുമായി പ്രതികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഡല്‍ഹി പട്യാല കോടതി പുറപ്പെടുവിച്ച പുതുക്കിയ മരണ വാറണ്ട് അനുസരിച്ച് കേസിലെ 4 പ്രതികളേയും ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും.
4 പ്രതികളും ജയില്‍ അധികൃതരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. തീഹാറിലെ 3ാം നമ്പര്‍ ജയിലില്‍ പ്രത്യേക സെല്ലുകളിലായാണ് 4 പേരേയും പാര്‍പ്പിച്ചിരിക്കുന്നത്.
ഓരോ പ്രതിയുടേയും സെല്ലിന് വെളിയില്‍ രണ്ട് സുരക്ഷാ ഗാർഡുകൾ നിലയുറപ്പിച്ചിട്ടുണ്ട്. ഈ ഗാർഡുകൾക്ക് ഓരോ രണ്ട് മണിക്കൂറിന് ശേഷം വിശ്രമം നൽകും. ഒരു പ്രതിക്ക് 24 മണിക്കൂര്‍ സുരക്ഷ നല്‍കാന്‍ 8 ഗാർഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്. അതായത് 4 പ്രതികള്‍ക്കായി 32 ഗാർഡുകൾ!
2012 ഡിസംബര്‍ 16ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായ നിര്‍ഭയ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഒന്നാംപ്രതി റാം സിംഗ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സി൦ഗ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെയാണ് ഫെബ്രുവരി 1ന് തൂക്കിലേറ്റുക.