ഓക്ക്ലാന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. കിവീസ് ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
ആറു പന്തില്‍ ഏഴു റണ്‍സെടുത്ത രോഹിത്തിനെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീടെത്തിയ രാഹുല്‍ – കോലി സഖ്യം 99 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 27 പന്തില്‍ നിന്ന് നാലു ഫോറും മൂന്നു സിക്സുമടക്കം 56 റണ്‍സെടുത്ത രാഹുലിനെ ഇഷ് സോധി മടക്കി. 32 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 45 റണ്‍സെടുത്ത കോലി മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ഡൈവിങ് ക്യാച്ചില്‍ പുറത്തായി. പിന്നാലെ ഒമ്പതു പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ശിവം ദുബെ പെട്ടെന്ന് മടങ്ങിയെങ്കിലും ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ഇന്ത്യയെ വിജയത്തിലെത്തിച്ചു.
29 പന്തുകള്‍ നേരിട്ട അയ്യര്‍ മൂന്നു സിക്‌സും അഞ്ചു ഫോറുമടക്കം 58 റണ്‍സോടെ പുറത്താകാതെ നിന്നു. 12 പന്ത് നേരിട്ട മനീഷ് പാണ്ഡെ 14 റണ്‍സെടുത്ത് അയ്യര്‍ക്ക് പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ ഈ സഖ്യം 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചാണ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തത്. 10.15 റണ്‍റേറ്റിലായിരുന്നു കിവീസ് ബാറ്റ്സ്മാന്‍മാരുടെ കുതിപ്പ്.
ഓപ്പണര്‍ കോളിന്‍ മണ്‍റോ, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവര്‍ കിവീസ് നിരയില്‍ അര്‍ധ സെഞ്ചുറി നേടി. 42 പന്തുകള്‍ നേരിട്ട മണ്‍റോ ആറു ഫോറും രണ്ടു സിക്സും സഹിതം 59 റണ്‍സെടുത്തു. വില്യംസണാകട്ടെ വെറും 26 പന്തുകളില്‍ നിന്ന് നാലു വീതം സിക്സും ഫോറും സഹിതം 51 റണ്‍സടിച്ചു. 27 പന്തുകള്‍ നേരിട്ട റോസ് ടെയ്ലര്‍ 27 പന്തുകള്‍ നേരിട്ട് മൂന്നു വീതം സിക്സും ഫോറും സഹിതം 54 റണ്‍സോടെ പുറത്താകാതെ നിന്നു.ഇന്ത്യയ്ക്കായി ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, യൂസ്‌വേന്ദ്ര ചാഹല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.