കൊച്ചി: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണക്കടത്തിന്റെ ‘ബുദ്ധികേന്ദ്രം’ അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്. മൊബൈൽ ഫോൺ അടക്കമുള്ള തെളിവുകൾ അർജുൻ നശിപ്പിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി. അന്വേഷണവുമായി ഇയാൾ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. കേസിലെ രണ്ടാംപ്രതിയായാണ് അർജുനെ ചേർത്തിരിക്കുന്നത്. എറണാകുളം സാമ്പത്തിക കോടതിയിൽ ഹാജരാക്കിയ അർജുനെ ജൂലായ് ആറുവരെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.
സ്വർണക്കടത്ത് അർജുന് വേണ്ടിയായിരുന്നുവെന്ന ഒന്നാം പ്രതി മുഹമ്മദ് ഷെഫീഖിന്റെ മൊഴിയെത്തുടർന്നാണ് അർജുനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഷെഫീഖിന്റെ മൊഴി അർജുൻ നിഷേധിച്ചു. അതേസമയം സ്വർണക്കടത്തിനെക്കുറിച്ച് തനിക്ക് വ്യക്തമായ അറിവുണ്ടായിരുന്നതായി അർജുൻ കസ്റ്റംസിനോട് സമ്മതിച്ചു. വിമാനത്താവളത്തിൽ എത്തിയത് സുഹൃത്ത് റെമീസിനൊപ്പമായിരുന്നു എന്നാണ് അർജുൻറെ മൊഴി. റെമീസ് ദുബായിലായിരുന്നപ്പോൾ 15,000 രൂപ ഒരാൾക്ക് കടം നൽകിയിരുന്നു. അയാൾ വിമാനത്താവളത്തിൽ എത്തുന്നുണ്ടെന്നറിഞ്ഞ് ആ പണം വാങ്ങാനാണ് എത്തിയതെന്നും വിലക്കപ്പെട്ട ചില ‘സാധനങ്ങൾ’ ഷെഫീഖ് എത്തിക്കുന്നുണ്ടെന്നും ഇതിന് 45,000 രൂപ പ്രതിഫലം കിട്ടുമെന്ന് അറിയാമായിരുന്നുവെന്നും അർജുൻ പൊലീസിനോട് പറഞ്ഞു.
ഇയാളുടെ വാട്‌സാപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും തെളിയിക്കുന്നത് അർജുന് കള്ളക്കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് മാത്രമല്ല, യഥാർഥ ബുദ്ധികേന്ദ്രമാണെന്നാണെന്നും കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു. പുറത്തുവിട്ടാൽ അർജുൻ തെളിവുകൾ നശിപ്പിക്കുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. പിടികൂടിയ സ്വർണം ഒരുകോടിക്ക് മുകളിൽ മൂല്യമുള്ളതായതിനാൽ കസ്റ്റംസ് ആക്ട് 104 പ്രകാരം ജാമ്യത്തിന് അർഹതയില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.ഒന്നാം പ്രതി മുഹമ്മദ് ഷെഫീഖിനെ കൊച്ചി പ്രിവന്റീവ് കമ്മിഷണറേറ്റിൽ എത്തിച്ചു. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.





































