കൊച്ചി: സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കാനിരുന്ന 3500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വ്യവസായം ആരംഭിക്കാന്‍ കിറ്റക്‌സിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം. സബ്‌സിഡി, പലിശിയിളവ്, സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നൂറുശതമാനം ഇളവ് തുടങ്ങി എട്ടോളം ആനുകൂല്യങ്ങളാണ് വാദ്ഗാനം ചെയ്തിരിക്കുന്നത്. സ്ഥാപനത്തില്‍ ഒരു മാസത്തിനിടെ പതിനൊന്നോളം പരിശോധനകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് 3500 കോടി രൂപയുടെ പദ്ധതി കേരളത്തില്‍ ഉപേക്ഷിക്കുന്നതായി കിറ്റക്‌സ് ഗ്രൂപ്പ് പ്രഖ്യാപിച്ചത്.
തമിഴ്‌നാട് വ്യവസായ മന്ത്രിയുടെ വൈസ് പ്രസിഡന്റ് ഇതുസംബന്ധിച്ച് കിറ്റക്‌സിന് കത്തയച്ചു. തമിഴ്‌നാട്ടില്‍ വ്യവസായം തുടങ്ങാന്‍ ക്ഷണിക്കുന്നു എന്നാണ് കത്തിന്റെ ഉളളടക്കം. ഇക്കാര്യത്തില്‍ കിറ്റക്‌സ് അന്തിമതീരുമാനമെടുത്തിട്ടില്ല.
3500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ ആരും വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്ന് സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്ക് ഒരു രൂപയുടെ ആനുകൂല്യം കൊടുക്കുന്നില്ലെന്ന് മാത്രമല്ല പരമാവധി ഏത് രീതിയില്‍ ഉപദ്രവിക്കാമോ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും കിറ്റെക്സിന്റെ സാബു ജേക്കബ് ആരോപിച്ചു.
നിലവിലുള്ള വ്യവസായങ്ങളെ എല്ലാവരും കൂടി വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ പത്തിരുപത് വര്‍ഷം കൂടി പിന്നിടുമ്പോള്‍ ഒരു വ്യവസായം പോലും കേരളത്തിലില്ലാത്ത സ്ഥിതി വരുമെന്നും ഇന്ന് രാജ്യത്തെ വ്യവസായ രംഗത്ത് 28-ാം സ്ഥാനത്താണ് കേരളമാണെന്നും എന്നിട്ടും കാര്യങ്ങള്‍ മനസ്സിലാക്കാതെ ധാര്‍ഷ്ട്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും സാബു ജേക്കബ് ചൂണ്ടിക്കാട്ടി.





































