തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ പരാജയത്തിന് കാരണം നേതാക്കളുടെ വീഴ്ചയെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. തൃക്കാക്കരയിലെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ ഇതു സംബന്ധിച്ച റിപ്പോർട്ട് പാർട്ടിക്ക് കൈമാറി. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് ചുവരെഴുതി മായ്ക്കേണ്ടി വന്നത് തിരിച്ചടിയായി എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലുണ്ടായ തോൽവി പരിശോധിക്കാൻ എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ എന്നീ രണ്ടംഗ കമ്മിഷനെ സി.പി.എം. നിയോഗിച്ചിരുന്നു. ഈ കമ്മിഷൻ അന്വേഷണ റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് കൈമാറി. തുടർന്ന് സംസ്ഥാന നേതൃത്വം എറണാകുളം ജില്ലാ കമ്മിറ്റിക്ക് കമ്മിഷൻ റിപ്പോർട്ട് നൽകി.
സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ ചുവരെഴുതുകയും അത്മായ്ക്കേണ്ടിയും വന്നസാഹചര്യമുണ്ടായത് വലിയ തോൽവിക്ക് കാരണമായെന്നാണ് കമ്മിഷൻ വിലയിരുത്തൽ. സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ.എസ്. അരുൺകുമാർ സ്ഥാനാർഥിയാണ് എന്ന തരത്തിലായിരുന്നു ചുവരെഴുത്തുകൾ. പിന്നീട് ഇത് മായ്ക്കേണ്ടി വന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. പാർട്ടിയിൽ ഇത്തരത്തിൽ വിഭാഗീയപ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും സ്ഥാനാർഥിത്വം സംബന്ധിച്ച് ആദ്യ ഘട്ടത്തിലുണ്ടായ ഈ തോൽവിക്ക്കാരണമായോ എന്നും ഇനി ജില്ലാകമ്മിറ്റി ചർച്ച ചെയ്ത് വിലയിരുത്തും.
തൃക്കാക്കരയിൽ അവിശ്വസനീയമായ പരാജയമാണ് ഉണ്ടായതെന്നാണ് ഫലപ്രഖ്യാപനത്തിന്റെ ഉടനെ ജില്ലാ സെക്രട്ടറി സ.എൻ. മോഹനൻ പ്രതികരിച്ചിരുന്നത്. ഇത്തരത്തിൽ ഒരു പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും വിവിധ വകുപ്പു മന്ത്രിമാരുമുൾപ്പെടെ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പരിപാടികളിൽ പങ്കെടുത്തിട്ടും എൽ.ഡി.എഫിന് മണ്ഡലത്തിൽ കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്. ഉമാ തോമസ് വലിയ ഭൂരിപക്ഷത്തോടെയാണ് തന്റെ കന്നി സാധ്യമാക്കിയത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88
 
                






