ന്യൂദല്‍ഹി: നിര്‍ഭയാ കേസ് പ്രതി മുകേഷിന്റെ ദയാഹരജി രാഷ്ട്രപതി തള്ളി. ദയാഹരജി തള്ളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്രആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതിനായി ദല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയത്. ദയാഹരജി പരിഗണനയിലുള്ളതിനാല്‍ മരണ വാറണ്ട് പ്രകാരമുള്ള 22 ന് വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു.
ഇന്ന് 3.30 ന് മരണവാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹരജി പട്യാല ഹൗസ് കോടതി പരിഗണിക്കും. ശിക്ഷ ഫെബ്രുവരി 1 ന് വധശിക്ഷ നടന്നേക്കുമെന്നാണ് അറിയുന്നത്.
ഇന്നലെ ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ദയാഹരജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാത്രി കേന്ദ്രആഭ്യന്തരമന്ത്രാലയം ഫയല്‍ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു.
ദയാഹരജിയില്‍ ഒരു പകല്‍ കഴിയുന്നതിന് മുന്‍പ് തന്നെ രാഷ്ട്രപതി തീരുമാനം എടുക്കുകയായിരുന്നു. ഇന്ന രാവിലെ പ്രതികളുടെ ശിക്ഷ വൈകിക്കുന്നതിനെതിരെ പെണ്‍കുട്ടിയുടെ അമ്മ രംഗത്ത് വന്നിരുന്നു.തന്റെ മകളുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്നായിരുന്നു അമ്മ പറഞ്ഞത്.
അതേസമയം ഈ മാസം 22 ാം തിയക്ക് മുന്‍പ് മറ്റുള്ള രണ്ട് പ്രതികളും തിരുത്തല്‍ ഹരജി നല്‍കുമെന്നാണ് അറിയുന്നത്.
നിര്‍ഭയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയായിരുന്നു പ്രതികളിലൊരാളായ മുകേഷ് തിരുത്തല്‍ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നതും പിന്നീട് ഇത് തള്ളിയതോടെ ദയാഹരജിയുമായി രാഷ്ട്രപതിയെ സമീപിക്കുന്നതും.
സംഭവത്തില്‍ ലൈംഗികാതിക്രമത്തിനും കൊലപാതകക്കുറ്റത്തിനും കേസെടുത്ത് ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു.
കേസില്‍ ഒന്നാംപ്രതിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി 2017 ല്‍ നിര്‍ഭയക്കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു.
2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.