കൊച്ചി: ഏകീകൃത കുർബാനയെച്ചൊല്ലി സെന്റ് മേരീസ് ബസലിക്കയിൽ സംഘർഷം. ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവർ ആൾത്താരയിലേക്ക് തള്ളിക്കയറി. കുർബാന നടത്തിക്കൊണ്ടിരുന്ന വിമതവിഭാഗം വൈദികരെ തള്ളിമാറ്റുകയും ബലിപീഠം പൂർണ്ണമായി തകർക്കുകയും ചെയ്തു. ആൾത്താരയിലെ വിളക്കുകളും മറ്റും തകർന്നു.
അൾത്താരയിലുണ്ടായിരുന്ന സാധനസാമഗ്രികൾ എല്ലാം തന്നെ പ്രതിഷേധക്കാർ തകർത്തെറിഞ്ഞു. സംഘർഷത്തെ തുടർന്ന് കൂടുതൽ പോലീസിനെ ഇവിടേക്ക് നിയോഗിച്ചിരുന്നു. പത്ത് മണിക്ക് കുർബാന അർപ്പിക്കുന്ന സമയാവുമ്പോഴേക്കും നിയന്ത്രണം പിടിച്ചടക്കുക എന്ന ഉദ്ദേശത്തോടുകൂടി ഒരുവിഭാഗം ആക്രമണം നടത്തുകയായിരുന്നു. പോലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവിഭാഗങ്ങളും പിന്മാറാൻ തയ്യാറായില്ല.
സംഘർഷത്തിനിടയിലും ഒരുവിഭാഗം അൾത്താരയ്ക്ക് മുന്നിൽ നിലയുറപ്പിച്ച് കുർബാനയർപ്പിക്കാൻ ശ്രമിച്ചു. സംഘർഷം നടന്നത് ബസലിക്കയ്ക്ക് ഉള്ളിലായതിനാൽ പോലീസ് കടുത്തനടപടികൾ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അഡ്മിനിസ്ട്രേറ്ററെ ഭീഷണിപ്പെടുത്തി രാപകൽ ഇല്ലാതെ വിമത വിഭാഗം പിശാചിന്റെ കുർബാന ചൊല്ലിക്കൊണ്ടിരിക്കുകയാണെന്ന് ഏകീകൃത കുർബാനയെ അംഗീകരിക്കുന്നവർ ആരോപിച്ചു.
കുർബാന ചൊല്ലിക്കൊണ്ടിരുന്നവരെ പോലീസ്തള്ളിമാറ്റുകയായിരുന്നുവെന്നാണ് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരുടെ ആരോപണം. പോലീസ് നിരുത്തരവാദപരമായാണ് പെരുമാറുന്നത്. വിശുദ്ധ കുർബാനയെ അവഹേളിക്കാൻ പോലീസ് കൂട്ടുനിന്നുവെന്നും വൈദികർ ആരോപിച്ചു.പള്ളിക്കുള്ളിൽ കയറിയവരെ പോലീസ് ഒഴിപ്പിച്ചു. സംഘർഷം ഒഴിവാക്കാൻ വേണ്ടിമാത്രമാണ് ഒഴിപ്പിച്ചതെന്ന് പോലീസ് വിശദീകരിച്ചു.ഇരുവിഭാഗവുമായി ചർച്ചനടത്തുമെന്നും പോലീസ് അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88