കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം പത്താം തീയ്യതി മുതൽ ആരംഭിക്കും. കേസിൽ വിചാരണ നടപടി പൂർത്തീകരിക്കാൻ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ച സാഹചര്യത്തിൽ വേഗത്തിൽത്തന്നെ വിചാരണ പൂർത്തീകരിക്കുന്നതിലേക്ക് നീങ്ങുകയാണ് കോടതി. അടുത്ത വർഷം ജനുവരിയോടുകൂടി വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ, വിചാരണ അവസാനിക്കുന്ന ഘട്ടത്തിൽ അന്വേഷണ ഉദ്യാഗസ്ഥൻ ബൈജു എം.പൗലോസിന്റെ വിചാരണ മാത്രമാണ് പൂർത്തീകരിക്കാനുണ്ടായിരുന്നത്. അതിനിടയിൽ ക്രൈം ബ്രാഞ്ച് തുടരന്വേഷണവുമായി മുന്നോട്ടുവരികയും വിചാരണ നിർത്തിവയ്ക്കുകയുമായിരുന്നു.
39 സാക്ഷികളെയാണ് തുടരന്വേണത്തിന്റെ ഭാഗമായി വിസ്തരിക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതിൽ 36 പേർക്ക് കോടതി സമൻസ് അയച്ചിട്ടുണ്ട്. ബാലചന്ദ്രകുമാർ, സായ് ശങ്കർ ആടക്കമുള്ളവർ ഈ 36 പേരിൽ ഉൾപ്പെടും. മഞ്ജു വാര്യർ അടക്കമുള്ള ബാക്കി മൂന്നു പേരുടെ കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കും ഉണ്ടാകുക. മഞ്ജുവിനെ ഒരിക്കൽ വിസ്തരിച്ചതിനാൽ വീണ്ടും വിസ്തരിക്കണമെങ്കിൽ പ്രത്യേക അപേക്ഷ നൽകി പ്രതിഭാഗത്തിന്റെ കൂടി വാദംകേട്ടതിന് ശേഷമേ തീരുമാനമെടുക്കാൻ സാധിയ്ക്കുള്ളുവെന്ന് കോടതി അറിയിച്ചു.