തെഹ്റാൻ: ഇറാനിലെ തെഹ് റാനിൽ യുക്രെയ്ൻ യാത്രാവിമാനം തകർന്നു വീണു. യാത്രക്കാരും ജീവനക്കാരും അടക്കം 180 പേർ യാത്ര ചെയ്ത യുക്രെയ്ൻ ഇന്‍റർനാഷണൽ എയർലൈൻ 752 വിമാനമാണ് തകർന്നു വീണത്. ടെഹ് റാനിലെ ഇമാം ഖാംനഈ വിമാനത്താവളത്തിന് സമീപമാണ് അപകടം.
ഇമാം ഖാംനഈ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബോയിങ് 737-800 ജെറ്റ് വിമാനമാണ് തെഹ് റാന് തെക്ക് പടിഞ്ഞാറ് പ്രാന്ത പ്രദേശമായ പരാന്തിൽ തകർന്നുവീണത്. തെഹ് റാനിൽ നിന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ബോറിസ് പിൽ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു വിമാനം.
പുലർച്ചെ 5.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂറോളം വൈകി 6.12നാണ് പുറപ്പെട്ടത്. അപകടത്തിന് കാരണം സാങ്കേതിക തകരാറാണെന്ന് പ്രാഥമിക നിഗമനം. വിമാനം തകർന്നു വീഴുന്നതിന്‍റെ വിഡിയോ ഇറാൻ വാർത്താ ഏജൻസി ഇസ് ന പുറത്തുവിട്ടു.