ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി- ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്കില്‍ നിശ്ചലമായി രാജ്യം. തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്കില്‍ രാജ്യത്തിന്റെ സമസ്ത മേഖലയും അണിചേര്‍ന്നു.
പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രിവരെ തുടരും. തൊഴിലാളികളും കര്‍ഷകരും കേന്ദ്ര സംസ്ഥാന ജീവനക്കാരും വ്യാപാരികളും വിദ്യാര്‍ഥികളും യുവജനങ്ങളും ഉള്‍പ്പെടെ 30 കോടിയോളം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
കേരളത്തില്‍ പണിമുടക്ക് പൂര്‍ണ്ണമായി തുടരുകയാണ്. കെ.എസ്.ആര്‍.ടി.സിയും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.
പുതുച്ചേരിയില്‍ ബന്ദിന്റെ പ്രതീതിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഒഡിഷയില്‍ സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രകടനം നടത്തി.
പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലും ഹൗറയിലും കഞ്ച്രപരയിലും സി.ഐ.ടി.യു പ്രവര്‍ത്തകര്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ചു.
തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയായി നിശ്ചയിക്കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമം മുതലാളികള്‍ക്കനുകൂലമായി ഭേദഗതി ചെയ്യരുത്, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുക, കര്‍ഷക കടങ്ങള്‍ എഴുതിതള്ളുക, തൊഴിലില്ലായ്മ പരിഹരിക്കുക, വര്‍ഗീയത തടയുക, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.