ന്യൂഡല്‍ഹി: JNU വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം ദീപിക പദുകോണ്‍ JNU സന്ദര്‍ശിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 7.30ന് എത്തിയ ദീപിക സബര്‍മതി ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചശേഷം ക്യാമ്പസില്‍നിന്നും മടങ്ങി.അതേസമയം, വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് അവര്‍ സംസാരിച്ചില്ല. കഴിഞ്ഞ ദിവസം ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷും പങ്കെടുത്തിരുന്നു.
വിദ്യാര്‍ഥികള്‍ക്കൊപ്പം ദീപിക പതിനഞ്ച് മിനിറ്റോളം ചെലവഴിച്ചു. വിദ്യാര്‍ഥി നേതാക്കള്‍ ചിലരുമായി താരം സംസാരിച്ചു. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ Chhapaak ന്റെ പ്രചരണാര്‍ഥം രണ്ടു ദിവസമായി ദീപിക ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ചശേഷമാണ് ദീപിക JNU സന്ദര്‍ശിച്ചത്. അതേസമയം, ദീപികയുടെ JNU സന്ദര്‍ശനം വന്‍ വിവാദത്തിന് വഴിതെളിച്ചിരിയ്ക്കുകയാണ്. സോഷ്യല്‍ മീഡിയ രണ്ട് വിഭാഗമായി തിരിഞ്ഞിരിക്കുകയാണ്. ദീപികയെ പിന്തുണയ്ക്കുന്നവരും അവരുടെ ചിത്രം ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവരും ഏറെ.
എന്നാല്‍, ദീപിക പദുകോണിന്റെ ചിത്രങ്ങള്‍ ബഹിഷ്കരിക്കാന്‍ ബിജെപി നേതാക്കള്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്കിയ ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്കരിക്കണമെന്ന് BJP നേതാവ് തേജേന്ദര്‍ പല സിംഗ് ബഗ്ഗ ട്വിറ്ററില്‍ കുറിച്ചു.നമ്മുടെ രാജ്യം പിന്തുടര്ന്ന് പോന്നിരുന്ന അടിസ്ഥാന ആശയങ്ങള്‍ ഇങ്ങനെയായിരുന്നില്ല എന്ന് ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ ദീപിക പദുകോണ്‍ സൂചിപ്പിച്ചിരുന്നു.മാറ്റത്തിനു വേണ്ടി നിലകൊള്ളുകയെന്നത് പരമപ്രധാനമാണെന്ന് ദീപിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്ന് ഭയം യുവജനങ്ങളെ പുറകോട്ട് വലിക്കുന്നില്ലെന്നതു സന്തോഷകരമാണ്. നമ്മള് ഭയത്തിലല്ലെന്നതില് അഭിമാനം തോന്നുന്നു. സ്വയം ആവിഷ്ക്കരിക്കാന്‍ നമുക്ക് കഴിയുമെന്ന് കരുതുന്നു. ആളുകള്‍ തെരുവിലിറങ്ങി ശബ്ദം ഉയര്‍ത്തുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. കാരണം മാറ്റം കാണാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ്- ദീപിക അഭിപ്രായപ്പെട്ടിരുന്നു.