നിലപാട് കടുപ്പിച്ച് കെ. മുരളീധരൻ എം.പി. ഇനിയൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സേവനം വേണോയെന്ന് പാർട്ടി തീരുമാനിക്കട്ടേയെന്നും തന്നെ അപമാനിക്കാനായി ബോധപൂർവമായാണ് നോട്ടീസ് നൽകിയതെന്നും മുരളീധരൻ ഡൽഹിയിൽ പറഞ്ഞു. വായ മൂടിക്കെട്ടുന്നവർ അതിന്റെ ഗുണദോഷങ്ങൾ അനുഭവിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി.സി.സി. നിർവാഹക സമിതി ചേർന്ന രണ്ടു സന്ദർഭത്തിലും പൊതുവിഷയങ്ങൾ ചർച്ച ചെയ്തിരുന്നില്ലെന്ന് മുരളീധരൻ പറഞ്ഞു. ഫെബ്രുവരി 12-ന് ഹാഥ് സേ ഹാഥ് പരിപാടിയുടെ ചർച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കഴിഞ്ഞ 28-ന് വൈക്കം സത്യഗ്രഹത്തേക്കുറിച്ചുള്ള ചർച്ചയ്ക്കു വേണ്ടി മാത്രമാണ് യോഗം വിളിച്ചത്. പുനഃസംഘടന സംബന്ധിച്ച ചർച്ച നടന്നപ്പോൾ മുൻ പ്രസിഡന്റുമാരായിട്ടുള്ള തന്നെയോ രമേശ് ചെന്നിത്തലയെയോ ക്ഷണിച്ചിരുന്നില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
അന്ന് ഭാരവാഹികളുടെയും ഡി.സി.സി. പ്രസിഡന്റുമാരുടെയും മാത്രം യോഗമായിരുന്നു നടന്നത്. എന്റെ പ്രസ്താവനയിൽ എന്തെങ്കിലും തെറ്റുണ്ടായിരുന്നെങ്കിൽ ആ യോഗത്തിലേക്ക് എന്നെ ക്ഷണിക്കാമായിരുന്നു. എങ്കിൽ എനിക്ക് മറുപടി പറയാമായിരുന്നു. ബോധപൂർവം അപമാനിക്കുക എന്ന ലക്ഷ്യത്തിൽ അയച്ച കത്ത് ആണിത്. ഒരു കാര്യം മനസ്സിലാക്കേണ്ടത്, തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ രണ്ട് എം.പിമാർക്ക് ഷോ കോസ് നോട്ടീസ് നൽകുന്നത് പാർട്ടിക്ക് ഗുണകരമാണോ ദോഷകരമാണോ എന്ന് പാർട്ടി നേതൃത്വം തീരുമാനിക്കണം, മുരളീധരൻ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്നും തന്നെ വന്നു കണ്ട പ്രവർത്തകരോടും താൻ ഇതാണ് പറഞ്ഞതെന്നും മുരളീധരൻ പറഞ്ഞു. തനിക്ക് നോട്ടീസ് ലഭിച്ചതിൽ കടുത്ത അതൃപ്തിയാണ് മുരളീധരൻ പ്രകടിപ്പിക്കുന്നത്. കെ.പി.സി.സി. നേതൃത്വത്തെ അദ്ദേഹം രൂക്ഷമായി വിമർശിക്കുന്നുമുണ്ട്. എം.കെ. രാഘവൻ നടത്തിയ പ്രസ്താവനയിൽ കാര്യമായ തെറ്റൊന്നും കണ്ടിട്ടില്ല. ഷോ കോസ് നോട്ടീസ് അയക്കുന്നുണ്ടായിരുന്നെങ്കിൽ അതിന് മുൻപ് കെ.പി.സി.സി. അധ്യക്ഷന് ഒന്ന് സംസാരിച്ചു കൂടായിരുന്നോ എന്നും മുരളീധരൻ ചോദിച്ചു. തന്നോട് എ.ഐ.സി.സി. വിശദീകരണം ആരാഞ്ഞാൽ, എ.ഐ.സി.സി. അധ്യക്ഷനെ നേരിട്ടുകണ്ട് വിശദീകരണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എം.പി.മാരായ എം.കെ. രാഘവനും കെ. മുരളീധരനും നടത്തുന്ന പരസ്യ പ്രസ്താവനകളിലുള്ള അതൃപ്തി കെ.പി.സി.സി. നേതൃത്വം ഹൈക്കമാൻഡിനെ അറിയിച്ചു എന്നതടക്കമുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് കെ.മുരളീധരന്റെ രോഷപ്രകടനം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ




































