ന്യൂഡൽഹി: ദേശീയ ധീരത അവാർഡിനായി തിരഞ്ഞെടുത്ത കുട്ടികളില്‍ മൂന്ന് മലയാളികള്‍!
ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയിട്ടുള്ള ധീരത പുരസ്കാരത്തിന് മൊത്തം 22 കുട്ടികളെയാണ് തിരഞ്ഞെടുത്തത്. ഏറ്റവും ഉയർന്ന ബഹുമതിയായ ഭരത് പുരസ്കാരത്തിന് കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങലിൽ ആദിത്യ. കെ അർഹനായി.
വിനോദയാത്രയ്ക്കിടെ ബസിനു തീപിടിച്ചപ്പോൾ, 40 പേരുടെ ജീവൻ രക്ഷിക്കാൻ നടത്തിയ അവസരോചിതമായി ഇടപെടലാണ് ആദിത്യനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
രാമനാട്ടുകരയിൽ കെ.ആർ. അനീഷ്– ഡോ. അജിനി ദമ്പതികളുടെ മകനാണ് കെ. ആദിത്യൻ. ചേവായൂർ മെഡിക്കൽ കോളജ് ക്യാംപസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവൻ ത്യജിക്കേണ്ടി വന്ന പതിനാറുകാരൻ മുഹമ്മദ് മുഹ്സിന് മരണാനന്തര ബഹുമതി നൽകി ആദരിക്കും.
കടൽത്തിരയിൽപ്പെട്ട 3 കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെയാണു മുഹ്സിനു ജീവൻ നഷ്ടമായത്. തിക്കോടി സികെജി മ്മോറിയൽ സ്കൂൾ വിദ്യാർഥിയായിരുന്നു. കോഴിക്കോട് കൊടിക്കൽ ബീച്ചിനടുത്തെ മുസ്തഫ–നാസില ദമ്പതികളുടെ മകനാണ് മുഹമ്മദ് മുഹ്സിന്‍.
റെയിൽപാളത്തിലൂടെയുള്ള യാത്രയ്ക്കിടെ ട്രെയിനപകടത്തിൽ നിന്നു 7 വയസ്സുകാരനെയും മുത്തശ്ശിയേയും തലനാരിഴയ്ക്ക് രക്ഷപ്പെടുത്തിയ പി.കെ. ഫത്താഹിന് പ്രത്യേക ധീരത പുരസ്കാരം നല്‍കി ആദരിക്കും.
വടകര പുതുപ്പണത്തെ പി.കെ.നിസാർ–സുബൈദ ദമ്പതികളുടെ മകനാണ് പി.കെ. ഫത്താഹ്. പുതുപ്പണം ജെഎൻഎം സ്കൂൾ വിദ്യാർഥിയാണ്. റിപബ്ലിക്ക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ധീരത അവാര്‍ഡുകള്‍ സമ്മാനിക്കും. ഇത്തവണ എട്ട് ആണ്‍കുട്ടികള്‍ക്കും 13 പെണ്‍കുട്ടികള്‍ക്കുമാണ് പുരസ്‌കാരം.
ഭാരത് പുരസ്കാരത്തിന് അരലക്ഷം രൂപയും പ്രത്യേക പുരസ്കാരങ്ങൾക്ക് 40,000 രൂപയുമാണ് സമ്മാനത്തുക. കുട്ടികളുടെ തുടർപഠനത്തിനും ആവശ്യമെങ്കിൽ കൗൺസിലിന്റെ സഹായമുണ്ടാകും.