കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് 300 കോടിയോളം; വായ്പയെടുത്ത കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു

0
163

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേട് 300 കോടി രൂപയോളം വരുമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വായ്പ എടുത്ത ഒരാള്‍ ആത്മഹത്യ ചെയ്തു. ബാങ്കില്‍ നിന്ന് വായ്പ എടുത്ത കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്തംഗം തേലപ്പള്ളി സ്വദേശി പി. എം. മുകുന്ദന്‍ (63) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച പുലർച്ചെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ മുകുന്ദന്റെ മൃതദേഹം കണ്ടെത്തിയത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഇദ്ദേഹത്തിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.

ഇദ്ദേഹം കരുവന്നൂർ സഹകരണ ബാങ്കില്‍നിന്ന് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇപ്പോള്‍ 80 ലക്ഷം രൂപ തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. വായ്പാ തിരിച്ചടവിനായി ബാങ്കിന്റെ ഭാഗത്തുനിന്ന് നിരന്തരം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നതായും ഇതിനെ തുടർന്ന് മുകുന്ദന്‍ മാനസികമായി പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക ക്രമക്കേടിനെ തുര്‍ന്ന് ബാങ്ക് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ബാങ്ക് വ്യാപകമായി ജപ്തി നോട്ടീസ് നല്‍കിയത്. നിരവധി പേര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചതായി നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here