gnn24x7

ഇടതുകാലില്ലാത്ത ഒരു ലോകചാമ്പ്യന്റെ കഥ- മാനസി ജോഷി

0
240
gnn24x7

2011 ഡിസംബറിലെ ഒരു വെള്ളിയാഴ്ച… മാനസി ജോഷി എന്ന 22-കാരിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ തന്റെ ജോലി സ്ഥലത്തേക്ക് പോകുകയാണ്. വീട്ടില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരമാണ് മാനസിയുടെ ഓഫീസിലേക്ക്.

പതിവ് പോലെ തന്റെ മോട്ടോര്‍ബൈക്കിലാണ് മാനസിയുടെ യാത്ര. യാത്രമധ്യേയുള്ള മേല്‍പ്പാലത്തിനടുത്ത് നിന്ന് യൂ ടേണ്‍ എടുക്കുകയായിരുന്നു മാനസി. പെട്ടെന്നാണ് തെറ്റായ ദിശയില്‍ വന്ന ഒരു ലോറി മാനസിയുടെ വണ്ടിയില്‍ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മാനസിയുടെ കാലിന് മുകളിലൂടെ ലോറി കയറിയിറങ്ങി.

‘അപ്പോഴും എനിക്ക് ബോധമുണ്ടായിരുന്നു. വേദനയ്ക്കിടയിലും ഞാന്‍ നേരെ ഇരിക്കാന്‍ ശ്രമിച്ചു. എന്റെ ഹെല്‍മറ്റ് ഊരി. എന്റെ പരിക്ക് അതീവഗുരുതരമാണെന്ന് അപ്പോള്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു,’ മാനസി പറയുന്നു.

ആള്‍ക്കാരെല്ലാം സംഭവസ്ഥലത്തേക്ക് പാഞ്ഞടുത്തെങ്കിലും എന്ത് ചെയ്യണമെന്ന് അവര്‍ക്കറിയില്ലായിരുന്നു.

‘ഇന്ത്യക്കാര്‍ സഹായമനോഭാവമുള്ളവരാണെങ്കിലും അവര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് വിദഗ്ധമായ ധാരണയില്ല’, മാനസി പറയുന്നു.

കുറെ നേരം കാത്തിരുന്നതിന് ശേഷം വന്ന ആംബുലന്‍സില്‍ ബലമില്ലാത്ത ഒരു സ്ട്രച്ചറില്‍ കിടത്തിയാണ് പൊലീസ് മാനസിയെ ആശുപത്രിയിലെത്തിക്കുന്നത്. പരിക്ക് ഗുരുതരമായിട്ടും താരതമ്യേന ചെറിയ ആശുപത്രിയിലേക്കാണ് മാനസിയെ കൊണ്ടുപോയത്.

എന്നാല്‍ അവിടെ നിന്ന് സൗകര്യമുള്ള ആശുപത്രിയിലേക്ക് മാനസിയെ മാറ്റാന്‍ പിന്നേയും രണ്ട് മണിക്കൂറെടുത്തു. അതായത് ലോറി കയറിയിറങ്ങിയ കാലുമായി മാനസി ചികിത്സയ്ക്കായി കാത്തുനിന്നത് ആകെ 9 മണിക്കൂര്‍..!

കാല്‍ മുറിച്ചുമാറ്റുന്നത് ഒഴിവാക്കാനായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം മുതലെ ശ്രമിച്ചത്. 45 ദിവസത്തെ ആശുപത്രിവാസത്തിനിടയില്‍ ഓരോ അഞ്ച്- പത്ത് ദിവസങ്ങളിലും മാനസിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നാല്‍ ഡോക്ടര്‍മാരുടെ ശ്രമം വൃഥാവിലായി. മാനസിയുടെ ഇടത് കാല്‍ മുറിച്ചുമാറ്റി.

കുട്ടിക്കാലം

അക്കാദമിക് വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന കുടുംബമായിരുന്നു മാനസിയുടേത്. മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്തജ്ഞനാണ് മാനസിയുടെ പിതാവ്. തന്റെ മക്കള്‍ക്കും നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന് ആ പിതാവിന് നിര്‍ബന്ധമായിരുന്നു.

എന്നാല്‍ പഠനത്തോടൊപ്പം സ്‌പോര്‍ട്‌സിലും മാനസി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

‘ഫുട്‌ബോളും ബാസ്‌കറ്റ്‌ബോളും വോളിബോളും ഞാന്‍ കളിക്കുമായിരുന്നു. സ്‌പോര്‍ട്‌സില്‍ മാത്രമല്ല, സംഗീതത്തിലും ചിത്രരചനയിലും എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നു… രക്ഷിതാക്കള്‍ അവരുടെ കുട്ടികളെ എല്ലാ മേഖലയിലേക്കും തിരിച്ചുവിടാന്‍ ശ്രമിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ’, മാനസി പറയുന്നു.

ബാഡ്മിന്റണായിരുന്നു മാനസിയുടെ ഏറ്റവും ഇഷ്ടപ്പെട്ട കായിക ഇനം. പിതാവ് തന്നെയായിരുന്നു മാനസിയുടെ ആദ്യപരിശീലകന്‍. മാനസിയ്ക്ക് ആറ് വയസുള്ളപ്പോള്‍ തന്നെ അദ്ദേഹം മകളെ എങ്ങനെ റാക്കറ്റ് പിടിക്കണമെന്നും ഷട്ടില്‍ എങ്ങനെ അടിക്കണമെന്നും പഠിപ്പിച്ചിരുന്നു.

അപകടത്തിന് ശേഷമാണ് പിന്നീട് മാനസി ബാഡ്മിന്റണിലേക്ക് തിരിച്ചുവരുന്നത്.

ചാമ്പ്യന്‍ മാനസി

2019 ആഗസ്റ്റില്‍ സ്വിറ്റ്‌സര്‍ലാന്റിലെ ബേസലില്‍ മാനസി ചരിത്രം സൃഷ്ടിച്ചു. ഇടത് കാല്‍ നഷ്ടപ്പെട്ട അപകടത്തിന് എട്ട് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പാരാ ബാഡ്മിന്റണ്‍ ടീമില്‍ ഇടം നേടിയ മാനസി ലോകചാമ്പ്യന്‍ഷിപ്പില്‍ കിരീടവും സ്വന്തമാക്കി.

ഇന്ത്യന്‍ താരവും മുന്‍ലോകചാമ്പ്യനുമായ പരുല്‍ പര്‍മ്മയായിരുന്നു എതിരാളി.

ഒരു കാലില്ലാത്ത യാത്ര

അപകടത്തിന് ശേഷം വീട്ടുകാര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ മാനസിയ്‌ക്കൊപ്പം നിന്നു. നഴ്‌സുമാര്‍ മാനസിയുടെ കൂട്ടുകാരികളായി മാറി, ഓപ്പറേഷന്‍ തിയേറ്ററില്‍ അവളുടെ ധൈര്യം കണ്ട അനസ്തീഷ്യസ്റ്റ് മാനസിയെ വീണ്ടും വീണ്ടും സന്ദര്‍ശിച്ച് അവളെ കരുത്തയാക്കി.

‘സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു എന്ന ചെറിയ ചിന്തപോലും എനിക്കവിടെ നിന്ന് അനുഭവപ്പെട്ടില്ല. വീട്ടിലെത്തി കണ്ണാടിയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ മാത്രമാണ് കുറച്ചെങ്കിലും വിഷമം തോന്നിയത്. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ അതുമായി പൊരുത്തപ്പെട്ടു. അതൊരു ചെറിയ പാട് മാത്രമാണ്. ഒരു കാല്‍ മാത്രം.!’,

ഒരു റിഹാബിലിറ്റേഷന്‍ എന്ന നിലയില്‍ മാത്രമാണ് മാനസി ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്കെത്തുന്നത്. എന്നാല്‍ കോര്‍ട്ടില്‍ അസാമാന്യപ്രകടനം കാഴ്ചവെക്കാന്‍ തുടങ്ങിയ മാനസിയെ ഒരു പാരാ കായികതാരം കണ്ടതോടെയാണ് കഥ മാറിയത്.

ഇന്ത്യന്‍ ടീമിലേക്ക് അപേക്ഷിക്കാനും ഈ സുഹൃത്താണ് മാനസിയെ പ്രേരിപ്പിക്കുന്നത്. തന്നേക്കാള്‍ പരിക്കുള്ള പലരും ബാഡ്മിന്റണ്‍ കോര്‍ട്ടിന് പുറത്തുണ്ടെന്നും അവര്‍ക്ക് കൂടി കളിക്കാന്‍ സാധിച്ചാലേ ബാഡ്മിന്റണ്‍ കുറ്റമറ്റതാകൂ എന്നുമാണ് മാനസിയുടെ പക്ഷം.

‘എന്നോട് വളരെ സ്‌നേഹത്തോടെയാണ് അവര്‍ പെരുമാറിയത്. അവര്‍ എന്റെയടുത്ത് വന്ന് ബാഡ്മിന്റണ്‍ തെരഞ്ഞെടുത്തതിന് നന്ദി പറയുമായിരുന്നു. ഈ മേഖലയില്‍ തന്നെ നിലയുറപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും അതാണ്’, മാനസി പറയുന്നു.

ബാഡ്മിന്റണ്‍ ഇതിഹാസം പുല്ലേല ഗോപിചന്ദിനെ കണ്ടതാണ് മാനസിയുടെ കരിയര്‍ മാറ്റിമറിച്ചത്. ശാന്തയും ധീരയുമായ പെണ്‍കുട്ടിയാണെന്നാണ് ഗോപീചന്ദ് മാനസിയെക്കുറിച്ച് പറയുന്നത്.

‘വലിയ പ്രചോദനമാണ് അവരുടെ ജീവിതം’, ഗോപീചന്ദ് പറയുന്നു.

അതേസമയം ഒരു പാരാ താരത്തെ പരിശീലിപ്പിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നെന്നും ഗോപീചന്ദ് പറയുന്നു.

‘മത്സരങ്ങളുടെ വീഡിയോകളില്‍ സൂക്ഷ്മപരിശോധന നടത്തി, ഒറ്റകാലില്‍ കളിക്കുന്നത് പോലും പരിശീലിപ്പിച്ചു, അത് മാനസിയ്ക്ക് എങ്ങനെ കളിക്കാന്‍ സാധിക്കുമെന്ന് മനസിലാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന്, തന്റെ കോച്ചിംഗ് സ്റ്റാഫിനൊപ്പം, മാനസിക്കായി ഒരു പരിശീലന ഷെഡ്യൂള്‍ രൂപകല്‍പ്പന ചെയ്തു’.

ലോകചാമ്പ്യനാക്കുന്നതില്‍ ഈ ഘടകങ്ങളെല്ലാം മാനസിയെ സഹായിച്ചു. നേരത്തെ തന്നെ കോര്‍ട്ടില്‍ അതിവേഗം ചലിച്ചിരുന്ന മാനസിയെ ഈ പരിശീലനം കൂടുതല്‍ കരുത്തയാക്കുകയായിരുന്നു.

ലോകചാമ്പ്യനായതോടെ മാനസിയുടെ ജീവിതവും മാറിമറിഞ്ഞു.

‘എല്ലാം മാറി. റോഡിലൂടെ പോകുമ്പോള്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി.’

ഞാന്‍ (ആയിഷ പെരേര) അവരോടൊപ്പം അവരുടെ വീട്ടിലേക്ക് പുറപ്പെട്ടു. അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെത്തിയപ്പോള്‍ തന്നെ ബൈക്ക് നിര്‍ത്തിവന്ന ഒരാള്‍ മാനസിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു. ആരാധകരില്‍ നിന്നും മറ്റും ലഭിച്ച സമ്മാനങ്ങളും പുരസ്‌കാരങ്ങളുമായി മാനസിയുടെ അപ്പാര്‍ട്ട്‌മെന്റ് നിറഞ്ഞിരിക്കുകയാണ്. തന്റെ ബെഡ്‌റൂമിലേക്കുള്ള വാതിലില്‍ പതിച്ച ഒരു ചാര്‍ട്ട് പേപ്പര്‍ മാനസി എനിക്ക് കാണിച്ചുതന്നു. ഷട്ടില്‍കോക്കിന്റെയും റാക്കറ്റിന്റെ വരച്ചുവച്ച ചിത്രത്തിനൊപ്പം അതില്‍ ‘കണ്‍ഗ്രാജുലേഷന്‍ മാനസി ജോഷി ആന്റി’ എന്നെഴുതിയിട്ടുണ്ടായിരുന്നു.

‘ഈ അപ്പാര്‍ട്ട്‌മെന്റിലെ കുട്ടികളുടെ സമ്മാനമാണിത്. ‘

ബെഡ്‌റൂമിനുള്ളില്‍ സൂക്ഷിച്ചുവെച്ച മെഡലുകളും മാനസി എന്നെ കാണിച്ചു. ലോകചാമ്പ്യന് ലഭിച്ച സ്വര്‍ണ്ണമെഡലും എനിക്ക് കാണിച്ചുതന്നു. പക്ഷെ ഏഷ്യന്‍ ഗെയിംസില്‍ സ്വന്തമാക്കിയ വെങ്കല മെഡലാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നായിരുന്നു മാനസി അപ്പോള്‍ പറഞ്ഞത്. ആ മെഡലില്‍ പൊങ്ങിയ അക്ഷരങ്ങളുണ്ടായിരുന്നു, അത് ഇളക്കുമ്പോള്‍ മനോഹരമായ ശബ്ദമുണ്ടാകുന്നതും മാനസി എനിക്ക് കാണിച്ചുതന്നു.

സ്വര്‍ണ്ണമെഡലും വെള്ളി മെഡലും വെങ്കല മെഡലും ഉണ്ടാക്കുന്നത് വ്യത്യസ്ത മിശ്രിതങ്ങള്‍ ഉപയോഗിച്ചായതിനാല്‍ മൂന്നിലും വ്യത്യസ്ത ശബ്ദമായിരിക്കും എന്നും മാനസി പറഞ്ഞുതന്നു. കാഴ്ചയില്ലാത്ത അത്‌ലറ്റുകള്‍ക്ക ഇക്കാരണത്താല്‍ ഇത് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു.

‘എല്ലാവരേയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സമൂഹത്തില്‍ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’

മാനസിയുടെ അടുത്തലക്ഷ്യം ടോക്കിയോവില്‍ നടക്കുന്ന പാരാലിംപിക്‌സാണ്. ലോകചാമ്പ്യന്‍ഷിപ്പില്‍ മാനസി സിംഗിളിലാണ് കിരീടം നേടിയത്. എന്നാല്‍ പാരാലിംപിക്‌സില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് മാത്രമാണുള്ളത്. ഡബിള്‍സ് കളിച്ച് മാനസിയ്ക്ക് പരിചയക്കുറവുണ്ട്, എന്നാല്‍ അപരിചിതമായ സാഹചര്യത്തില്‍ നിന്നും വളര്‍ന്നുവന്ന മാനസിയ്ക്ക് ഇതും മറികടക്കാന്‍ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ആയിഷ പെരേര ബി.ബി.സിയ്ക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പരിഭാഷ-വിവര്‍ത്തനം ജിതിന്‍.ടിപി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here