തൃശൂർ: അന്തരിച്ച സംവിധായകൻ സച്ചിയുടെ കണ്ണുകൾ മറ്റൊരാൾക്ക് വെളിച്ചമേകും. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയി. ഹൈക്കോടതി പരിസരത്ത് ഒമ്പതര മുതൽ പത്തുമണിവരെ പൊതുദർശനത്തിന് വെയ്ക്കും. അഡ്വക്കേറ്റ് അസോസിയേഷൻ ചേംബർ ഹാളിലാണ് പൊതുദർശനം. എട്ടുവർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു സച്ചി. ഹൈക്കോടതി വളപ്പിലെ പൊതുദർശനത്തിനുശേഷം മൃതദേഹം തമ്മനത്തെ വീട്ടിലേക്കുകൊണ്ടുപോകും. അവിടെയും പൊതുദർശനമുണ്ടാകും. വൈകിട്ട് നാലരയോടെ രവിപുരം ശ്മശാനത്തിൽ സംസ്ക്കാരം നടക്കും.
മലയാള സിനിമയിലെ എണ്ണം പറഞ്ഞ വാണിജ്യ വിജയങ്ങളുടെ ശില്പിയായ സച്ചി എന്ന കെ.ആർ. സച്ചിദാനന്ദൻ (48) അന്തരിച്ചു. സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായിരുന്നു. രാത്രി പത്തുമണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം. ഇടുപ്പെല്ല് ശസ്ത്രക്രിയക്കു കഴിഞ്ഞ് അഞ്ചു മണിക്കൂറിനുള്ളിലായിരുന്നു ആദ്യം ഹൃദയഘാതമുണ്ടായത്.തുടർന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു വന്നു
2020 ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയുമാണ്’ അവസാന ചിത്രം.
കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എട്ടുവർഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു.
സുഹൃത്തായ സേതുവുമൊത്ത് 2007ൽ എഴുതിയ ‘ചോക്ലേറ്റ്’ സിനിമയിലൂടെയാണ് മലയാള സിനിമയിലെ എണ്ണം പറഞ്ഞ എഴുത്തുകാരിൽ ഒരാളായത് . ഇരുവരുടേതുമായി റോബിൻഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ പിറവിയെടുത്തു. 2011ൽ ഡബിൾസിന് ശേഷം സച്ചിയും സേതുവും കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് സച്ചി തിരക്കഥയെഴുതിയ മോഹൻലാൽ നായകനായ ജോഷി ചിത്രം ‘റൺ ബേബി റൺ’ 2012ലെ വമ്പൻ ഹിറ്റായിരുന്നു. വൻ തരംഗം സൃഷ്ടിച്ച ദിലീപ് നായകനായ രാമലീല, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ഒരുമിച്ച ഡ്രൈവിംഗ് ലൈസൻസ് എന്നിവയും സച്ചിയുടെ രചനയാണ്.








































