gnn24x7

ജീവിത ദുരിതത്തിൽ നിന്നും പ്രതീക്ഷയുടെ വിഹായസിലേക്ക് പറന്ന് രശ്മി; അച്ഛനും അമ്മയ്ക്കും സ്വപ്ന സാഫല്യം

0
194
gnn24x7

ജീവിത ദുരിതത്തിൽ നിന്നും പ്രതീക്ഷയുടെ വിഹായസിലേക്ക് രശ്മി പറന്നുയരുമ്പോൾ അച്ഛൻ ഗോപിനാഥ ഭട്ടിനും അമ്മ ശോഭ ഭട്ടിനും സ്വപ്ന സാഫല്യം.

ജീവിതം തള്ളിനീക്കാൻ പോലും കഴിയുമോ എന്ന് ശങ്കിച്ചിരുന്ന രശ്മിയാണ് ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഫ്ളൈയിംഗ് ഓഫിസറായി പറന്നുയരുന്നത്. കൊച്ചി മട്ടാഞ്ചേരി തിരുമല ക്ഷേത്രത്തിലെ പാചകക്കാരനാണ് രശ്മിയുടെ അച്ഛൻ ഗോപിനാഥ ഭട്ട്. അമ്മ ശോഭ ഭട്ട് വീട്ടമ്മയാണ്.

മകൾ ഓരോ ക്ലാസിലും ഉന്നത വിജയം നേടുമ്പോൾ അമ്മയുടെയും അച്ഛൻ്റെയും മനസിൽ തീയാളുകയായിരുന്നു. ഇനി അടുത്ത പഠനത്തിന് എങ്ങനെ പണം കണ്ടെത്തും? പക്ഷേ സന്മനസുകളുടെ സഹായത്താൽ രശ്മി ബിടെക്ക് പൂർത്തിയാക്കി.

പത്താം തരത്തിൽ എ പ്ലസ്, പ്ലസ്ടു വിന് 94% മാർക്ക്, ഇലക്ട്രോണിക്സ് ആൻ്റ് കമ്യൂണിക്കേഷൻസിൽ ബി.ടെക്. കാമ്പസ് സെലക്ഷനിലൂടെ ബാംഗ്ലൂർ ടി.സി.എസിൽ ജോലി കിട്ടിയെങ്കിലും രശ്മിയുടെ ലക്ഷ്യം നാവിക സേനയായിരുന്നു. ജോലി ഉപേക്ഷിച്ച് ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ ചേർന്നു.

പിന്നെ ബാംഗ്ലൂർ എ .എഫ് .സി.എ.ടി.യിൽ ഒരു വർഷത്തെ സാങ്കേതിക പഠനം. 18 മാസത്തെ പരിശീലനത്തിനു ശേഷം ഫ്ലയിങ് ഓഫീസർ റാങ്കിൽ വഡോദരയിലെ എയർഫോഴ്സ് ആസ്ഥാനത്ത് ടെക്നിക്കൽ ഓഫീസറായാണ് രശ്മിയുടെ നിയമനം.

നേട്ടങ്ങൾ മുഴുവൻ തിരുമല അപ്പൻ്റെ അനുഗ്രഹമായി കാണാനാണ് ഗോപിനാഥ ഭട്ടിനും ഭാര്യ ശോഭ ഭട്ടിനും ഇഷ്ടം. ‘കഷ്ടപ്പാടും ദുരിതവും മനസിലാക്കി അവൾ പഠിച്ച് നേരായ വഴിയിൽ പോയി. എന്നും ഭഗവാന് നൈവേദ്യം വച്ച് വിളമ്പുന്നതിന് നൽകിയ സമ്മാനമാണിത്’: അച്ഛൻ ഗോപിനാഥ ഭട്ട് ഈ നേട്ടത്തെ ഇങ്ങനെയാണ് കാണുന്നത്.

എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമ്മയ്ക്കും രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള അച്ഛനും മകളുടെ നേട്ടം സങ്കൽപ്പത്തിനും അപ്പുറമാണ്. ഒരായുസ്സു മുഴുവൻ നീണ്ട ദുരിതത്തിനും സഹനത്തിനും ദൈവം നൽകിയ പ്രതിഫലം കൂടിയാണ് മകളുടെ നേട്ടം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here