gnn24x7

എയർ ഇന്ത്യ വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഹോങ്കോങ്

0
195
gnn24x7

ന്യൂഡൽഹി: യാത്രക്കാരിൽ ചിലർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഒക്ടോബർ മൂന്നു വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങ് സിവിൽ ഏവിയേഷൻ വകുപ്പാണ് എയർ ഇന്ത്യ വിമാനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.

കോവിഡ് 19 പോസിറ്റീവ് ആയ യാത്രക്കാരെ കയറ്റുന്ന വിമാനക്കമ്പനികൾക്ക് ഹോങ്കോങ് സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും കോവിഡ് പരിശോധന നടത്തി നെഗറ്റീന് സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യക്കാരെ മാത്രമേ ഹോങ്കോങ്ങിലേക്ക് എത്താൻ അനുവദിക്കുകയുള്ളൂവെന്ന് ജൂലൈയിൽ ഹോങ്കോങ് സർക്കാർ വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റിൽ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായ വിമാനങ്ങൾക്കും ഹോങ്കോങ്ങിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതേസമയം, എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് സംബന്ധിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ല. ഇത് രണ്ടാം തവണയാണ് ഹോങ്കോങ്ങിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. ഓഗസ്റ്റിൽ യാത്രക്കാരിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആയിരുന്നു വിലക്ക്.

കഴിഞ്ഞയാഴ്ച ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി എയർ ഇന്ത്യ എക്സ്പ്രസിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ രണ്ടു വരെ രണ്ടാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. കോവിഡ് 19 പോസിറ്റീവ് ആയ യാത്രക്കാരനെ ദുബായിലേക്ക് പോകാൻ അനുവദിച്ചതിനെ തുടർന്ന് ആയിരുന്നു ഇത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here