ലണ്ടന്‍: യൂറോപ്യന്‍ യൂണിയനിലെ അംഗത്വത്തില്‍ നിന്നും പിന്‍മാറാനുള്ള ബ്രിട്ടന്റെ ബ്രെക്‌സിറ്റ് ഉടമ്പടിക്ക് യൂറോപ്യന്‍ പാര്‍ലമെന്റില്‍ അംഗീകാരമായി.
യൂറോപ്യന്‍ പാര്‍ലമെന്റില്‍ 631 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. 49 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്യുകയും 13 പേര്‍ വിട്ടു നില്‍ക്കുകയും ചെയ്തു. ഇതോടെ ബ്രെക്‌സിറ്റിന്റെ എല്ലാ നടപടികളും പൂര്‍ത്തിയായി. ജനുവരി 31 ലണ്ടന്‍ സമയം രാത്രി 11 മണിക്കാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഔദ്യോഗികമായി വിടവാങ്ങുന്നത്.
വികാരഭരിതമായ വിടവാങ്ങലാണ് ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ നല്‍കിയത്.
‘ഞങ്ങളെപ്പോഴും നിങ്ങളെ സ്‌നേഹിക്കും, നിങ്ങളൊരിക്കലും ദൂരെയല്ല,’ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ചെയര്‍മാന്‍ വോട്ടെടുപ്പിന് ശേഷം പറഞ്ഞു.
47 വര്‍ഷത്തെ പഴക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ അംഗത്വമാണ് ബ്രിട്ടന്‍ വിഛേദിച്ചിരിക്കുന്നത്. 1973 ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാവുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങുന്ന ആദ്യ രാജ്യമാണ് ബ്രിട്ടന്‍.
അതേ സമയം ബ്രെക്‌സിറ്റ് നടപ്പാക്കിയാലും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് 11 മാസം യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ നിലനില്‍ക്കേണ്ടി വരും.
നാലു വര്‍ഷത്തോളം നീണ്ട രാഷ്ട്രീയ നാടകത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. 2016 ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമായി കൊണ്ടു വന്നതായിരുന്നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന കാര്യത്തില്‍ നടത്തിയ ഹിത പരിശേധന.
ഹിതപരിശോധനയില്‍ 51.9 ശതമാനം പേര്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നും 48.1 ശതമാനം പേര്‍ വേണ്ടെന്നും വിധിയെഴുതി.
സംഗതി കൈകാര്യം ചെയ്യാനാവില്ല എന്നു മനസ്സിലായ ഡേവിഡ് കാമറോണ്‍ പ്രധാനമന്തി സ്ഥാനം രാജി വെക്കുകയും ചെയ്തു. പിന്നീട് അധികാരത്തിലേറിയ തെരേസ മേയ്ക്കും ബ്രെക്‌സിറ്റില്‍ കൈ പൊള്ളി. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനു മുന്നോടിയായി തെരേസ മെയ് കൊണ്ടു വന്ന കരടു കരാറിനെ ബ്രെക്‌സിറ്റ് അനുകൂലികള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു.
ഈ കരടു കരാറില്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാലും കരാറിലെ നിബന്ധനകളില്‍ ബ്രിട്ടന്‍ തളയ്ക്കപ്പെടുമെന്നായിരുന്നു ഇവരുടെ വിമര്‍ശനം. അധികം വൈകാതെ 2019 ല്‍ തെരേസ മെയ് രാജി വെക്കുകയും ചെയ്തു. പിന്നീട് അധികാരത്തിലേറിയ ബ്രെക്‌സിറ്റ് അനുകൂലിയായ ബോറിസ് ജോണ്‍സനാണ് ബ്രെക്‌സിറ്റ് കരാറുമായി മുന്നോട്ട് പോയത്.