പാസ്പോർട്ട് പോലെ സുപ്രധാന രേഖ കടിച്ചു കീറിയാൽ നമ്മുടെ വീട്ടിലെ നായയെ എന്തു ചെയ്യും? എത്ര പ്രിയപ്പെട്ടതാണെങ്കിലും അതോടെ അടിച്ച് പുറത്താക്കും. എന്നാൽ തായ് വാൻ സ്വദേശിനിയായ യുവതി തന്റെ പാസ്പോർട്ട് കടിച്ചു കീറിയ നായയ്ക്ക് സമൂഹ മാധ്യമത്തിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ്.
കാരണം മറ്റൊന്നുമല്ല, ചൈനീസ് നഗരമായ വുഹാനിലേക്ക് യാത്രപോകാൻ തയ്യാറെടുക്കുന്നതിനിടെ ജനുവരി ആദ്യമാണ് നായ പാസ്പോർട്ട് കടിച്ചു കീറിയത്. ഇതിനെ തുടർന്ന് യുവതിയുടെ യാത്ര മുടങ്ങിപ്പോയി. അതുകൊണ്ട് മാത്രം കൊറോണയിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ് ഇവർ. അതിനാലാണ് നായയ്ക്ക് ഇവർ നന്ദി അറിയിച്ചത്.
കിമി എന്ന ഗോൾഡൻ റിട്രീവർ നായയാണ് യുവതിയുടെ പാസ്പോർട്ട് കടിച്ചു കീറിയത്. ഇത് യുവതിക്ക് അനുഗ്രഹമാവുകയായി മാറി. എന്തെന്നാൽ വുഹാനിലാണ് കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുന്നത്. ഇത് ഇപ്പോൾ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.
ജനുവരി 13ന് കീറിയ പാസ്പോർട്ടിന്റെ ചിത്രങ്ങൾ യുവതി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ പങ്കുവെച്ച മറ്റൊരു പോസ്റ്റിലാണ് യുവതി നായയ്ക്ക് നന്ദി അറിയിച്ചിരിക്കുന്നത്.
ഈ പാസ്‌പോർട്ട് ഓർക്കുന്നുണ്ടോ? ശ്രദ്ധിച്ച് ഓർത്തു നോക്കൂ, ഈ കുട്ടി എന്നെ ശരിക്കും സംരക്ഷിച്ചിക്കുന്നു. എന്റെ പാസ്‌പോർട്ട് കീറിയതിനാൽ, ഞാൻ [വുഹാനിലേക്ക്] പോകാനിരുന്ന സ്ഥലത്ത് വൈറസ് [വ്യാപിക്കുന്നത്] കണ്ടു. ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, നീ [കിമി] ഞങ്ങളുടെ ഷെഡ്യൂൾ തടഞ്ഞത് വളരെ സ്പർശിക്കുന്നു, – അവർ വ്യക്തമാക്കുന്നു.സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 132 പേരാണ് ചൈനയിൽ കൊറോണ വൈറസ് മൂലം ഇതുവരെ മരിച്ചത്.