gnn24x7

കനത്ത ചൂട്: ആറ് കൗണ്ടികളിൽ നാളെ മുതൽ ഹോസ്‌പൈപ്പ് നിരോധനം; ഓഗസ്റ്റ് 26 വരെ നിയന്ത്രണം

0
203
gnn24x7

അയർലണ്ടിൽ തുടരുന്ന കടുത്ത ചൂടും വരണ്ട കാലാവസ്ഥയും മൂലം കുടിവെള്ള വിതരണത്തിന് കടുത്ത സമ്മർദം നേരിടുന്ന സാഹചര്യത്തിൽ, വ്യാഴാഴ്ച മുതൽ ആറ് കൗണ്ടികളിൽ ഹോസ്‌പൈപ്പ് നിരോധനം (Water Conservation Order) നടപ്പാക്കുമെന്ന് ഉയ്ഷ്കെ ഏറൻ (Uisce Éireann) അറിയിച്ചു. ജൂലൈ 17 വ്യാഴാഴ്ച പുലർച്ചെ 12 മണി മുതൽ ഓഗസ്റ്റ് 26 രാത്രി 11.59 വരെ നിരോധനം പ്രാബല്യത്തിൽ തുടരും. ഡബ്ലിൻ, സൗത്ത് ടിപ്പററി, വെക്സ്ഫോർഡ് എന്നിവയ്ക്കൊപ്പം കിൽഡെയർ, മീത്ത്, വിക്ക്ലോ കൗണ്ടികളിലെ ചില ഭാഗങ്ങളും നിയന്ത്രണ പരിധിയിൽ ഉൾപ്പെടും.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ആഴ്ചകളായി തുടരുന്ന ഉയർന്ന താപനിലയും മഴയുടെ അഭാവവും കാരണം ജല ഉപയോഗം ഗണ്യമായി വർധിച്ചതോടെ ജലശുദ്ധീകരണ പ്ലാന്റുകൾക്കും റിസർവോയറുകൾക്കും വിതരണ ശൃംഖലയ്ക്കും വലിയ സമ്മർദമുണ്ടായതായി ഉയ്ഷ്കെ ഏറൻ അറിയിച്ചു. നിലവിൽ രാജ്യത്താകെ ഗാർഹിക ജല ഉപയോഗം സാധാരണയേക്കാൾ ഏകദേശം 20 ശതമാനം കൂടുതലാണ്. പൂന്തോട്ടങ്ങൾ നനയ്ക്കൽ, വാഹനങ്ങൾ കഴുകൽ, കുട്ടികളുടെ പൂളുകൾ നിറയ്ക്കൽ തുടങ്ങിയ അനാവശ്യ ആവശ്യങ്ങൾക്കായുള്ള ജല ഉപയോഗമാണ് പ്രധാന കാരണം.

ഗ്രേറ്റർ ഡബ്ലിൻ മേഖലയിലെ പ്രതിദിന ജല ആവശ്യകത അടുത്തിടെ 693 ദശലക്ഷം ലിറ്ററായി ഉയർന്നു. ഇത് ഈ വർഷത്തെ ശരാശരിയേക്കാൾ ഏകദേശം 50 ദശലക്ഷം ലിറ്റർ കൂടുതലാണെന്ന് അധികൃതർ വ്യക്തമാക്കി. നിരോധനം നിലവിലുള്ള പ്രദേശങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും പൂന്തോട്ടങ്ങൾ നനയ്ക്കുന്നതിനോ മറ്റ് അനാവശ്യ ആവശ്യങ്ങൾക്കോ ഹോസ്‌പൈപ്പ് ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ല. അതേസമയം, നിരോധനം ബാധകമല്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളോടും വെള്ളം പാഴാക്കാതിരിക്കാൻ ഉയ്ഷ്കെ ഏറൻ അഭ്യർഥിച്ചു.

വെള്ളം ലാഭിക്കാൻ അധികൃതർ നിർദേശിക്കുന്ന പ്രധാന മാർഗങ്ങൾ:

• ഹോസ്‌പൈപ്പിന് പകരം വെള്ളം നിറച്ച കാൻ ഉപയോഗിച്ച് ചെടികൾ നനയ്ക്കുക.
• വീട്ടിലെ പൈപ്പുകളിലും ടാപ്പുകളിലും ചോർച്ചയില്ലെന്ന് ഉറപ്പാക്കുക.
• പല്ലുതേക്കുമ്പോൾ ടാപ്പ് തുറന്നിടാതിരിക്കുക.
• കുളിക്കാൻ ബാത്ത് ടബ്ബിന് പകരം ഷവർ ഉപയോഗിക്കുകയും സമയം കുറയ്ക്കുകയും ചെയ്യുക.
• വാഷിംഗ് മെഷീനും ഡിഷ്‌വാഷറും പൂർണമായും നിറഞ്ഞശേഷം മാത്രം പ്രവർത്തിപ്പിക്കുക.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7