ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. വിശ്വസാഹിത്യകാരനായ റഷ്യൻ നോവലിസ്റ്റ് ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച എക്കാലത്തെയും പ്രസിദ്ധമായ കൃതി ‘കുറ്റവും ശിക്ഷയും’, പ്രമുഖ മലയാള കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട ചെറുകഥാ സമാഹാരം ‘ദേശീയമൃഗം’എന്നിവയാണ് സാഹിതീയം വേദിയിൽ ഈ മാസം ചർച്ചക്കെടുത്തത്.
ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സാംസ്കാരിക പ്രവർത്തകനായ പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും, കവിയും, ഗായകനുമായ ഡോക്ടർ മനീഷ് അഹമ്മദ് ‘കുറ്റവും ശിക്ഷയും’ എന്ന കൃതിയും, നാടകരചയിതാവും, പ്രവിശ്യയിലെ സാംസ്‌കാരികപ്രവർത്തകനുമായ ഷിജു കലയപുരം ‘ദേശീയമൃഗം’ എന്ന പുസ്തകവും അവതരിപ്പിച്ചു.
ലോക സാഹിത്യ ചരിത്രത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായി കണക്കാക്കപ്പെടുന്ന നോവലാണ് ദസ്തയേവ്‌സ്കിയുടെ കുറ്റവും ശിക്ഷയുമെന്ന് ഡോ. മനീഷ് അഹമ്മദ് പറഞ്ഞു. റസ്കോള്‍ എന്ന ചെറുപ്പക്കാരന്റെ പാപവും പശ്ചാത്താപവും പരിവര്‍ത്തനവുമാണ് ഈ ക്ലാസിക് നോവലിന്റെ ഇതിവൃത്തം. റഷ്യയിലെ അതിദരിദ്രമായ കാലഘട്ടത്തിൽ ജീവിതം തള്ളിനീക്കുന്ന റാസ്ക്കോൾനിക്കോവ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സമൂഹത്തിന് ഭാരവും ദുഷ്ടയും പണമിടപാടുകാരിയുമായ തന്റെ വീട്ടുടമസ്ഥയെ കൊല്ലുന്നതും, കൊലപാതകത്തിനു ശേഷം റാസ്കോൾനിക്കോവിനെ ഭയാനകമായ കുറ്റബോധവും മാനസികസംഘർഷങ്ങളും വേട്ടയാടാൻ തുടങ്ങുന്നതും മികവോടെ നോവലിൽ എഴുതിച്ചേർത്തിരിക്കുന്നു. ശേഷം സൈബീരിയയിലേക്ക് നാട് വിടുന്നതും, സ്വയം ശിക്ഷ വിധിക്കുന്നതും വഴി മനുഷ്യന്റെ ജീവിതത്തിലെ അന്തഃസംഘര്‍ഷങ്ങളെയാണ് എഴുത്തുകാരൻ ഈ കൃതിയിൽ വ്യക്തമായി അവതരിപ്പിക്കുന്നത്.
കുറ്റകൃത്യം ചെയ്യുന്നതിലൂടെ തകരുന്ന ഒരുവന്റെ മനസ്സ് ഒടുവിൽ പശ്ചാത്താപത്തിലൂടെയും സഹനത്തിലൂടെയും എങ്ങനെ ശുദ്ധീകരിക്കപ്പെടുന്നുവെന്ന് നോവൽ വരച്ചുകാട്ടുന്നു. 19-ാം നൂറ്റാണ്ടിലെ റഷ്യൻ സാമൂഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളും ഈ പുസ്തകത്തിൽ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു.
പ്രസിദ്ധീകരിച്ച് 150 ലേറെ വർഷങ്ങൾക്കുശേഷവും കാലിക പ്രസക്തി മാഞ്ഞുപോകാതെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിശ്വോത്തര സഹിത്യ കൃതിയാണിതെന്ന് ഡോ. മനീഷ് ചൂണ്ടിക്കാട്ടി.
സമകാലിക സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന് പുതിയൊരു ഭാഷാനുഭവം പകരുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറെ ചർച്ചചെയ്യപ്പെട്ട ഏഴു കഥകളുടെ സമാഹാരമായ ദേശീയമൃഗം എന്ന പുസ്തകമാണ് ഷിജു കലയപുരം അവതരിപ്പിച്ചത്.
മിസാറു, ദേശീയമൃഗം, ഡ്രാക്കുള, ഹൃദയകോശം, ഗോശാല, നിറ എന്നിവയടക്കമുള്ള കഥകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൃഗങ്ങളാകുന്ന മനുഷ്യരുടെയും മൃഗമാകുന്നതിനെ ചെറുക്കുന്ന കുട്ടിയുടെയും, സ്വപ്നത്തിൽ മാത്രം സാഫല്യത്തിലെത്തി തകരുന്ന പ്രണയത്തിന്റെയും പുസ്തകമാണ് ദേശീയ മൃഗം. ദേശീയമൃഗം എന്ന പുസ്തകത്തിന്റെ തലക്കെട്ട് തന്നെ ഒരു പ്രതീകമായി കണക്കാക്കാവുന്നതാണ്. സമൂഹത്തിലെ അധികാരബന്ധങ്ങൾ, മനുഷ്യന്റെ മൃഗീയവശം, ദേശീയതയുടെ പേരിൽ മാനുഷിക മൂല്യങ്ങൾക്കെതിരെ ഉയരുന്ന ചോദ്യങ്ങൾ എന്നിവയെ വിവിധ കഥകളിലൂടെ വ്യത്യസ്ത കോണുകളിൽ പരിശോധിക്കുന്ന സമാഹാരമാണിത്. ഡാർ എസ് സലാമിലെ സുഹൃത്തുക്കളുടെ സാഹസിക സഞ്ചാരങ്ങളിലൂടെയാണ് ഡ്രാക്കുള പുരോഗമിക്കുന്നത്. ദേശീയത, അതിദേശീയതയായും ഹിംസാത്മക ദേശീയതയായും മാറുന്ന സമകാലിക ഇന്ത്യന്‍ അവസ്ഥയുടെ നേർച്ചിത്രമാണ് ഇതിലെ ‘ദേശീയമൃഗം’ എന്ന കഥ. സുരേന്ദ്രന്‍ നായര്‍ എന്ന വനം വകുപ്പുദ്യോഗസ്ഥനാണ് മുഖ്യകഥാപാത്രം, അയാളുടെ വ്യാഘ്രഭക്തിയിലൂടെ പുരോഗമിക്കുന്ന കഥയാണ് ദേശീയമൃഗം. ഭാഷയിലും ശൈലിയിലും ലാളിത്യവും സുതാര്യതയും നിലനിർത്തി, മികച്ച വായനാനുഭവമാണ് ദേശീയമൃഗം എന്ന പുസ്തകം നൽകുന്നതെന്ന് ഷിജു കലയപുരം പറഞ്ഞു.
മുപ്പത്തഞ്ച് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലയാളി സമാജം അംഗമായ പി.കെ ഉമ്മറിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അദ്ദേഹത്തിന് മെമെന്റോ സമ്മാനിച്ചു.
പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മാലിക് മഖ്ബൂൽ, മുസ്തഫ മുക്കൂട്, ഷനീബ് അബൂബക്കർ, ഡോ. ഇമ്തീയാസ്, മുനീറ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
സോഫിയ ഷാജഹാൻ, മാത്തുക്കുട്ടി പള്ളിപ്പാട്, സയ്യിദ് ഹമദാനി, ജോയ് തോമസ്, സജിത്ത് രാമകൃഷ്ണൻ, സലിം പുതിയവീട്ടിൽ, ബിജു പൂതക്കുളം തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
മലയാളി സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരൻ, ആസിഫ് താനൂർ, ലീനാ ഉണ്ണിക്കൃഷ്ണൻ, ബിനു പുരുഷോത്തമൻ, ബിനു കുഞ്ഞ്, ഹുസ്ന ആസിഫ്, വിനോദ് കുഞ്ഞ്, സരള ജേക്കബ്, ഉണ്ണികൃഷ്ണൻ, നിഖിൽ മുരളീധരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹുസൈൻ ചമ്പോളിൽ മോഡറേറ്ററായിരുന്നു. ചടങ്ങിൽ ബിനു കുഞ്ഞ് സ്വാഗതവും ഡോക്ടർ സിന്ധു ബിനു നന്ദിയും പറഞ്ഞു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2


































