പേയ്മെന്റ് തട്ടിപ്പുകൾ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് അയർലണ്ടിലെ പ്രമുഖ ബാങ്കായ AIB മുന്നറിയിപ്പ് നൽകി. ജൂലൈ മാസത്തിൽ മാത്രം പേയ്മെന്റ് തട്ടിപ്പ് കേസുകൾ 59 ശതമാനം ഉയർന്നതായി ബാങ്ക് അറിയിച്ചു. ബാങ്കുകളുടെയോ മറ്റ് വിശ്വസനീയ സ്ഥാപനങ്ങളുടെയോ പേരിൽ വ്യാജ സന്ദേശങ്ങളും ഫോൺവിളികളും നടത്തി ആളുകളെ പറ്റിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണെന്ന് AIB വ്യക്തമാക്കി. ഉപഭോക്താക്കളിൽ വിശ്വാസം നേടിയെടുക്കാൻ കൂടുതൽ സങ്കീർണ്ണമായ തട്ടിപ്പ് രീതികളാണ് ഇപ്പോൾ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

സാധാരണയായി ബാങ്കിൽ നിന്നെന്ന വ്യാജേന ഒരു ടെക്സ്റ്റ് സന്ദേശം അയച്ചതിന് പിന്നാലെ, സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തി ഫോൺവിളി നടത്തുകയാണ് തട്ടിപ്പുകാർ. അക്കൗണ്ടിന് ഭീഷണിയുണ്ടെന്നോ അടിയന്തര നടപടി വേണമെന്നോ പറഞ്ഞ് ഭയം സൃഷ്ടിച്ചശേഷം, സുരക്ഷാ കോഡുകൾ, പാസ്‌വേഡുകൾ, ബാങ്ക് കാർഡ് വിവരങ്ങൾ എന്നിവ കൈമാറാനോ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാനോ ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി.

ചില സംഭവങ്ങളിൽ ഉപഭോക്താക്കളെ ബാങ്കിൽ നിന്ന് പണം പിൻവലിപ്പിച്ച് പിന്നീട് നിശ്ചയിച്ച സ്ഥലത്ത് എത്തിച്ച് കൈമാറാനും തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നതായി ബാങ്ക് മുന്നറിയിപ്പ് നൽകി. “Wait a sec, Double Check” എന്ന സന്ദേശത്തോടെയാണ് AIB ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നത്. അപ്രതീക്ഷിതമായി ലഭിക്കുന്ന ഏതൊരു സാമ്പത്തിക ആവശ്യത്തിലും ഉടൻ പ്രതികരിക്കാതെ, ആദ്യം പരിശോധിക്കണമെന്നും ബാങ്ക് നിർദേശിച്ചു.

“തട്ടിപ്പുകാർ കൂടുതൽ വിശ്വസനീയമായി പെരുമാറുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. യഥാർത്ഥ ബാങ്കുകളോ സ്ഥാപനങ്ങളോ ഒരിക്കലും സുരക്ഷാ കോഡുകൾ, പാസ്‌വേഡുകൾ, ലോഗിൻ വിവരങ്ങൾ എന്നിവ ചോദിക്കുകയോ പണം ‘സുരക്ഷിത അക്കൗണ്ടിലേക്ക്’ മാറ്റാൻ ആവശ്യപ്പെടുകയോ ചെയ്യില്ല.”- AIB-യുടെ ഫ്രോഡ് ഇന്റലിജൻസ് വിഭാഗം മേധാവി ഹാരോൾഡ് പെരസ് പറഞ്ഞു. സംശയം തോന്നുന്ന സാഹചര്യത്തിൽ ഫോൺവിളി അവസാനിപ്പിച്ച് ബാങ്കിന്റെ ഔദ്യോഗിക നമ്പറിലേക്ക് നേരിട്ട് വിളിച്ച് വിവരം സ്ഥിരീകരിക്കണമെന്നും അദ്ദേഹം ഉപഭോക്താക്കളോട് അഭ്യർഥിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































