gnn24x7

മധ്യപ്രദേശില്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സുപ്രീം കോടതിയില്‍

0
331
gnn24x7

ഭോപ്പാല്‍: മധ്യപ്രദേശില്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സുപ്രീം കോടതിയില്‍.

മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ ശിവരാജ് സിങ് ചൗഹാന്‍ അടക്കം ഒന്‍പത് എം.എല്‍.എമാരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ആവശ്യം.

ബി.ജെ.പി എം.എല്‍.എമാര്‍ നല്‍കിയ ഹരജി നാളെ പരിഗണിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശ് നിയമസഭ സമ്മേളനം മാര്‍ച്ച് 26വരെ നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബി.ജെ.പി എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നിയസഭാ സമ്മേളനം നിര്‍ത്തിവെക്കാനുള്ള സ്പീക്കറുടെ തീരുമാനം കോണ്‍ഗ്രസിന് ആശ്വാസമായിരുന്നു.

ഇന്ന് വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനോട് ആവശ്യപ്പെട്ടിരുന്നു. വിശ്വാസ വോട്ടിന് തയ്യാറാണെന്ന് കമല്‍നാഥ് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സ്പീക്കര്‍ ഇന്നത്തെ സഭാനടപടികളില്‍ വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിരുന്നില്ല. അതിന് ശേഷമാണ് മാര്‍ച്ച് 26വരെ സമ്മേളനം നിര്‍ത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

അതേസമയം, രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൊവിഡ് നിരക്ഷണത്തിലാണെന്ന് പാര്‍ട്ടി അറിയിച്ചു. ബെംഗളൂരു, ഹരിയാന, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ എം.എല്‍.എ.മാര്‍ക്ക് നിര്‍ബന്ധിത പരിശോധന വേണമെന്നും ഈ സാഹചര്യത്തില്‍ വിശ്വാസവോട്ട് മാറ്റണമെന്നുമാണ് കോണ്‍ഗ്രസ് വാദം.

കൊറോണഭീതിയുടെ പശ്ചാത്തലത്തില്‍ സഭാസമ്മേളനം മാറ്റിവെക്കണമെന്നും കോണ്‍ഗ്രസ് ശുപാര്‍ശചെയ്തിരുന്നു.

അതേസമയം, ബി.ജെ.പി ഇതുവരെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം നല്‍കിയിട്ടില്ല. ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് വിശ്വാസ വോട്ട് തേടാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മാസ്‌ക്കുകള്‍ ധരിച്ചായിരുന്നു എം.എല്‍.എമാരെല്ലാം ഇന്ന് നിയമസഭയില്‍ എത്തിയത്.

gnn24x7