ലണ്ടൻ: വന്ദേഭാരത് മിഷന്റെ പ്രത്യേക വിമാനങ്ങളിൽ നാട്ടിൽ പോകാൻ ഇനി എംബസിയുടെ കനിവു കാത്ത് നോക്കിയിരിക്കേണ്ട. എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്നും നേരിട്ട് ടിക്കറ്റ് എടുക്കാം. എയർ ഇന്ത്യയിൽനിന്നും നേരിട്ട് ടിക്കറ്റ് എടുക്കാമെന്ന് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ തന്നെയാണ് ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്. മൂന്നാം ഘട്ടത്തിൽ ബ്രിട്ടനിൽ നിന്നും കൊച്ചിയിലേക്ക് ഉൾപ്പെടെ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് അനുവദിച്ചിട്ടുള്ള വിമാനങ്ങളിൽ ഇന്നലെ രാവിലെ എട്ടുമുതൽ ബുക്കിങ് ആരംഭിച്ചു. എന്നാൽ ടിക്കറ്റിനായി ശ്രമിച്ചവർക്കൊന്നും ബുക്കിങ് സാധ്യമായില്ല. ഈമാസം 21നാണ് മുംബൈ വഴി കൊച്ചിയിലേക്കുള്ള വിമാനം. 15മുതൽ 30വരെ മറ്റ് സിറ്റികളിലേക്കും സർവീസുണ്ട്. ഒസിഐ. കാർഡ് ഉള്ളവരിൽ യാത്രാ അനുമതിയുള്ള നാലു വിഭാഗക്കാർക്കു മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ.
നേരത്തെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ പേര് റജിസ്റ്റർ ചെയ്യുന്നവരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ എയർ ഇന്ത്യ അധികൃതർ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റ് നൽകുകയായിരുന്നു. പുതിയ മാറ്റത്തിന്റെ കാരണം എന്തെന്ന് ഹൈക്കമ്മിഷൻ വ്യക്തമാക്കുന്നില്ല. അമേരിക്കയിലും കാനഡയിലും സമാനമായ രീതിയിൽ ബുക്കിങ് സംവിധാനത്തിൽ നേരത്തെ മാറ്റം വരുത്തിയിരുന്നു.
ടിക്കറ്റ് ബുക്കിങ്ങിൽ എംബസി അനുവർത്തിച്ചിരുന്ന മുനഗണനാക്രമം പാലിക്കാൻ എയർ ഇന്ത്യ വെബ്സൈറ്റിലൂടെ യാത്രക്കാർ പ്രത്യേക സത്യവാങ്മൂലം നൽകണം. ഇതിലെ വിവരങ്ങൾ പരിഗണിച്ചാകും ബുക്കിങ്ങിന് അവസരം ലഭിക്കുക.
245 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മരിച്ചത്. ലോക്ഡൗൺ നിബന്ധനകളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് തങ്ങളുടെ ബന്ധുക്കളുടെയോ സ്നേഹിതരുടേയോ അടുത്ത് പോകാം. ഇത്തരത്തിൽ ഗ്രാന്റ് പേരന്റസിന് പേരക്കുട്ടികളെ കാണാനും കമിതാക്കൾക്ക് പരസ്പരം കണ്ടുമുട്ടാനും സിംഗിൾ പേരന്റസിന് മക്കളുടെ അടുത്തെത്താനുമെല്ലാം സാഹചര്യം ഒരുങ്ങും. 82 ലക്ഷം ആളുകളാണ് ബ്രിട്ടനിൽ ഒറ്റയ്ക്ക് താമസിക്കുന്നത്. ഇതിൽതന്നെ പകുതിയലധികം പേർ 65 വയസ് കഴിഞ്ഞവരാണ്. മുപ്പതു ലക്ഷത്തോളം സിംഗിൾ പേരന്റ് വീടുകളും രാജ്യത്തുണ്ട്.
രാജ്യത്തെ 420 മൃഗശാലകളും ഡ്രൈവ് ഇൻ സിനിമാശാലകളും ചില നിബന്ധനകളോടെ തുറക്കാൻ അനുമതിയായി. സെപ്റ്റംബർ വരെ സ്കൂൾ തുറക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇതിനുള്ള ക്യാച്ച് അപ് പദ്ധതികൾ അടുത്തയാഴ്ച പ്രഖ്യാപിക്കും.