gnn24x7

കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍

0
234
gnn24x7

കൊച്ചി: കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍.

കലൂര്‍ സ്‌റ്റേഡിയത്തില്‍ ഐ.എസ്.എല്‍ ആരംഭിച്ചതിന് ശേഷം ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കൊച്ചി സ്‌റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജി.സി.ഡി.എയ്ക്ക് കത്ത് നല്‍കിയത്.

ഐ.എസ്.എല്‍ ഷെഡ്യൂളിനെ ബാധിക്കാത്ത തരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ അനുവദിക്കണമെന്നാണ് കെ.സി.എ പ്രസിഡന്റ് സാജന്‍ വര്‍ഗീസ് അറിയിച്ചത്.

കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം ജി.സി.ഡി.എ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. കെ.സി.എ ഏകദേശം 11 കോടിയോളം മുടക്കുകയും ചെയ്തിരുന്നു. കൂടാതെ 1 കോടി രൂപ ജി.സി.ഡി.എയ്ക്ക് ഡെപ്പോസിറ്റായും നല്‍കിയിട്ടുണ്ട്.

കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും ഒരു പോലെ നടത്തണമെന്നാണ് കെ.സി.എ താത്പര്യപ്പെടുന്നത്. നിലവില്‍ മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത് വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതും ക്രിക്കറ്റ് ഗ്രൗണ്ട് കലൂരേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്നാണ് കെസിഎ അറിയിക്കുന്നത്.

ഐ.എസ്.എല്ലില്‍ കേരളത്തിന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ കോഴിക്കോട്ട് നടന്നേക്കുമെന്നുമാണ് അറിയുന്നത്.

സ്റ്റേഡിയത്തില്‍ ആവശ്യമായ സൗകര്യങ്ങളും മാറ്റങ്ങളും നടത്താന്‍ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കോര്‍പറേഷന്‍ കേരള ബ്ലാസ്റ്റേഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ ഈ മാസം പത്തിന് മേയര്‍ യോഗം വിളിച്ചിട്ടുണ്ട്.

നിലവില്‍ ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൗണ്ടാണ് ഇ.എം.എസ് സ്റ്റേഡിയം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here