gnn24x7

നേപ്പാളില്‍ ഇന്ന് ഭൂപടമാറ്റത്തിന് വോട്ടെടുപ്പ്

0
298
gnn24x7

കാഠ്മണ്ഡു: നേപ്പാള്‍ പൊലീസിന്റെ വെടിവെപ്പില്‍ ഇന്ത്യന്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം തുടരവെ നേപ്പാളില്‍ ഇന്ന് ഭൂപടമാറ്റത്തിന് വോട്ടെടുപ്പ് നടക്കും. ഇന്ത്യയുമായുള്ള അതിര്‍ത്തി പുനര്‍നിര്‍വചിച്ച് ഇറക്കിയ ഭൂപടത്തിന് അംഗീകാരം നല്‍കാനാണ് വോട്ടെടുപ്പ്.

പഴയ ഭൂപടം ഉപേക്ഷിച്ച് പുതിയതു സ്വീകരിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യാനുള്ള വോട്ടെടുപ്പാണ് നടക്കുക.

അതേസമയം ഇന്നലെ നേപ്പാള്‍ തടവിലാക്കിയ ഇന്ത്യന്‍ പൗരന്‍ ലാഗന്‍ യാദവിനെ വിട്ടയച്ചെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് അതിര്‍ത്തി ലംഘിച്ചെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ നേപ്പാള്‍ പൊലീസിന്റെ വെടിയേറ്റ് ഇന്ത്യന്‍ കര്‍ഷകന്‍ മരിച്ചത്. ബിഹാര്‍ സ്വദേശിയായ വികേഷ് യാദവാണ് (22) വെടിയേറ്റു മരിച്ചത്.

സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ലാഗന്‍ യാദവിനെ നേപ്പാളി സായുധ പൊലീസ് സേന (എ.പി.എഫ്.) പിടിച്ചുകൊണ്ടുപോയത്.

ഇതേത്തുടര്‍ന്ന് ബിഹാറിലെ സീതാമഢി ജില്ലയോടു ചേര്‍ന്ന് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയാണ്. ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ തങ്ങളുടേതെന്നവകാശപ്പെട്ട് നേപ്പാള്‍ പുതിയ ഭൂപടമിറക്കിയതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി സംഘര്‍ഷഭരിതമായത്.

നേപ്പാള്‍ അതിര്‍ത്തിക്കുള്ളില്‍ വെള്ളിയാഴ്ച രാവിലെ 8.40-നാണ് വെടിവെപ്പുണ്ടായതെന്ന് സശസ്ത്ര സീമാബല്‍ (എസ്.എസ്.ബി.) ഡയറക്ടര്‍ ജനറല്‍ കുമാര്‍ രാജേഷ് പറഞ്ഞു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള 1751 കിലോമീറ്റര്‍വരുന്ന അതിര്‍ത്തി സംരക്ഷിക്കുന്നത് എസ്.എസ്.ബി.യാണ്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here