ഓസ്കാറിന് പിന്നാലെ അടുത്ത വർഷം ആദ്യം നടത്താനിരുന്ന ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങുകളും മാറ്റിവെച്ചു. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തോടെയാണ് ഹോളിവുഡിലെ അവാർഡ് ചടങ്ങുകളുടെ തുടക്കം. ജനുവരിയിലെ ആദ്യ ഞായറാഴ്ച്ചയാണ് സാധാരണഗതിയിൽ ഗോൾഡൻ ഗ്ലോബ് നടക്കാറ്.
എന്നാൽ പുതിയ സാഹചര്യത്തിൽ ഏപ്രിൽ 28 ലേക്ക് ചടങ്ങ് മാറ്റിവെക്കുകയാണെന്ന് സംഘാടകരായ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ അറിയിച്ചു. നേരത്തേ, ഫെബ്രുവരി 28ന് നടത്തേണ്ട ഓസ്കാർ പ്രഖ്യാപനം ഏപ്രിൽ 25 ലേക്ക് മാറ്റിവെച്ചിരുന്നു.
ബാഫ്റ്റ പുരസ്കാരദാന ചടങ്ങും മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചിട്ടുണ്ട്.
രണ്ടാഴ്ച്ച മുമ്പാണ് ഹോളിവുഡിൽ സിനിമ, ടെലിവിഷൻ ചിത്രീകരണങ്ങൾ പുനരാരംഭിക്കാൻ അനുമതി ലഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം നടത്താനാണ് അനുമതി. സെറ്റുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധനകളടക്കം നടത്താനാണ് തീരുമാനം.യുഎസ്സിലെ പ്രധാന തിയേറ്ററുകൾ ജുലൈ പത്തോടെ തുറക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സാമൂഹിക അകലം പാലിച്ചായിരിക്കും തിയേറ്ററുകൾ പ്രവർത്തിക്കുകയെന്നും തിയേറ്റർ ഉടമകൾ പറയുന്നു.







































