
കലിഫോര്‍ണിയ: മകളുടെ നവജാത ശിശുവിനെ ബാത്ത് ടബിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസ്സില്‍ ബിയാന്ത് കൗര്‍ ധില്ലന്‍ (45) എന്ന വനിതയ്ക്ക് ജീവപര്യന്തം ശിക്ഷ. പരോള്‍ ലഭിക്കാതെ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയാനാണു വിധി. മാര്‍ച്ച് 5നാണു കോടതി ശിക്ഷ വിധിച്ചത്.
2018 നവംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം. കൗമാര പ്രായമുള്ള മകള്‍ ഒരു ദിവസം കുളിമുറിയില്‍ കയറി ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്നു വാതില്‍ തുറന്നു നോക്കിയപ്പോള്‍ ബാത്ത് ടബില്‍ പ്രസവിച്ചു വീണ ആണ്‍കുഞ്ഞിനെയാണു മാതാവ് കാണുന്നത്. മകളില്‍ നിന്നും കുട്ടിയെ വാങ്ങി അപമാനഭാരം ഒഴിവാക്കാന്‍ കുട്ടിയെ ആരെയെങ്കിലും വളര്‍ത്തുവാന്‍ ഏല്‍പിക്കാം എന്ന ഉറപ്പ് നല്‍കി. അല്‍പ സമയത്തിനു ശേഷം മാതാവ് ബാത്ത് ടബിലെ വെള്ളത്തില്‍ കുട്ടിയെ താഴ്ത്തിപിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.
പിന്നീട് തന്റെ ഭര്‍ത്താവിന്റെയും മരിച്ച കുഞ്ഞിന്റെ പിതാവായ 23കാരന്റെയും സഹായത്താല്‍ വീടിനു പുറകില്‍ രണ്ടടി ആഴത്തില്‍ കുഴി എടുത്ത് അതില്‍ മറവു ചെയ്യുകയായിരുന്നു. മണം പുറത്തു വരാതിരിക്കാന്‍ കുഴിയില്‍ ഉപ്പ് നിറച്ചിരുന്നു.
2019 ഫെബ്രുവരി 26ന് കൗമാരക്കാരി തന്റെ അധ്യാപികയോടു പിതാവ് തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതായും മറ്റൊരാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതായും വെളിപ്പെടുത്തിയിരുന്നു. ഈ സംഭവം പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ ജഡം കണ്ടെടുത്തു. മാതാവിനും പിതാവിനും 23കാരനായ യുവാവിനും എതിരെ കേസ്സെടുത്തു. മാതാവ് ഒഴികെ രണ്ടു പേരെയും ജാമ്യത്തില്‍ വിട്ടു. എന്നാല്‍ മാര്‍ച്ച് 7ന് പിതാവ് ആത്മഹത്യ ചെയ്തു.
മരിച്ച കുട്ടിയുടെ പിതാവായ യുവാവിനെ ട്രാക്കിങ് ഡിവൈസ് വച്ചു പുറത്തുവിട്ടെങ്കിലും യുവാവ് അതു തകര്‍ത്തു രക്ഷപ്പെട്ടു. പിന്നീട് ഇതുവരെ പിടികൂടാനായില്ല. പഞ്ചാബില്‍ നിന്നുള്ള കുടുംബമാണിത്. അപമാന ഭാരം ഒഴിവാക്കാനാണു പ്രതി കുറ്റകൃത്യം നടത്തിയതെന്നും ശിക്ഷ ലഘൂകരിക്കണമെന്നുമുള്ള ആവശ്യം കോടതി തള്ളി.
പി.പി. ചെറിയാന്‍