മക്ക: അനുമതിയില്ലാതെ ഹജ്ജ് നിർവഹിച്ചാൽ നാടുകടത്തുമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) മുന്നറിയിപ്പ് നൽകി. 10 വർഷത്തേക്ക് സൗദിയിലേക്ക്പ്രവേശന വിലക്കും ഏർപ്പെടുത്തുമെന്നും ജവാസത്ത് കൂട്ടിച്ചേർത്തു. ഹജ്ജിനായുള്ള വിസ കൈവശമുള്ളവർക്കും അല്ലെങ്കിൽ ഇഖാമയോടെ രാജ്യത്ത് താമസിക്കുന്ന ഹജ്ജിനായി അനുമതിപത്രമുള്ളവർക്കും മാത്രമേ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാനാകൂ എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രത്യേക പെർമിറ്റില്ലാതെ മക്കയിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന വിദേശികളെയും വാഹനങ്ങളും മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയക്കും. ജോലി ആവശ്യാർഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാൻ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ലഭിച്ച പ്രത്യേക പെർമിറ്റ്, മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമ, ഉംറ പെർമിറ്റ്, ഹജ് പെർമിറ്റ് എന്നിവയിൽ ഏതെങ്കിലും ഒരു രേഖയുള്ള വിദേശികളെ മാത്രമേ മക്കയിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവരെ ചെക്ക് പോസ്റ്റുകളിൽനിന്ന് തിരിച്ചയക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
വിദേശികൾക്ക് മക്കയിൽ പ്രവേശിക്കുന്നതിനുള്ള പെർമിറ്റുകൾക്കുള്ള അപേക്ഷകൾ ജവാസാത്ത് ഡയറക്ടറേറ്റ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികൾ, മക്കയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾ, ഹജ് കാലത്ത് മക്കയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ സീസൺ തൊഴിൽ വിസകളിൽ എത്തുന്നവർ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്കാണ് ഓൺലൈൻ വഴി പ്രത്യേക പെർമിറ്റ് അനുവദിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബിർ ഇൻഡിവിജ്വൽസ് വഴിയാണ് ഗാർഹിക തൊഴിലാളികൾക്കുള്ള പെർമിറ്റ് അനുവദിക്കുന്നത്.