ഡബ്ലിൻ: അയര്‍ലണ്ട് വീണ്ടും കോവിഡ് ഭീതിയില്‍. പുതിയ വേരിയന്റുകളുടെ കടന്നുവരവും പോസിറ്റിവിറ്റി നിരക്കിലെ വര്‍ധനവും ആശുപത്രി പ്രവേശനം കൂടിയതുമെല്ലാം ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും മാസ്‌ക് ധരിക്കുന്നതിലും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നതിലും ഗണ്യമായ കുറവുണ്ടായതായി ഇ എസ് ആര്‍ ഐ പഠനം പറയുന്നു. ആളുകള്‍ കോവിഡിനെ മറന്ന രീതിയിലാണ് ജീവിക്കുന്നത്. ജനസംഖ്യയില്‍ നല്ലൊരു ശതമാനവും കോവിഡ് നിയന്ത്രണങ്ങള്‍ ഉപേക്ഷിച്ചെന്നും പഠനം വ്യക്തമാക്കുന്നു. ഗൃഹസന്ദര്‍ശനങ്ങളും മറ്റും വളരെയധികം കൂടി. എന്നിരുന്നാലും നല്ലൊരു ശതമാനം ആളുകള്‍ക്കും കോവിഡ് ഭീതിയുണ്ടെന്നും സര്‍വ്വേയില്‍ തെളിഞ്ഞിരുന്നു. മൂന്നിലൊരാള്‍ക്ക് ഇത്തരത്തില്‍ പേടിയുണ്ടെന്നാണ് തെളിഞ്ഞത്.
ഏഴു ദിവസത്തിനുള്ളില്‍ കോവിഡ് ബാധിതരുടെ സംഖ്യ 181ല്‍ നിന്ന് 232 -ലെത്തിയതായി കണക്കുകള്‍ പറയുന്നു. പിസിആര്‍ ടെസ്റ്റുകള്‍ക്കെത്തുന്ന ആളുകളുടെ എണ്ണവും ഗണ്യമായി കൂടി. കോവിഡ് പോസിറ്റീവിറ്റി നിരക്ക് 12.6ല്‍ നിന്ന് 16.7 ശതമാനമായി ഉയര്‍ന്നു. ഹോം ആന്റിജന്‍ ടെസ്റ്റിലൂടെ പോസിറ്റീവായവര്‍ ഈ കണക്കില്‍പ്പെട്ടിട്ടില്ല.
ബി എ2 -നേക്കാള്‍ കൂടുതല്‍ രോഗ വ്യാപനശേഷിയുള്ള ഒമിക്രോണിന്റെ ബി എ4, ബിഎ5 വേരിയന്റുകളുടെ ശക്തമായ സാന്നിധ്യവും ആശങ്കയുണ്ടാക്കുന്നതാണ്. എന്നാൽ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കുന്ന കോവിഡ് ബാധിതരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നതാണ് ആശ്വാസം.







































