ഡാളസ് :”പ്രപഞ്ചത്തിനു ആദികാരണമായ പരബ്രഹ്മം തന്നെയാണ് ധര്‍മ്മം” . ഗുരുദേവന് ധര്‍മ്മം എന്തെന്ന് ഒരൊറ്റ വരിയില്‍ തന്നെ സമ്പൂര്‍ണ്ണമാക്കി.അതിനാല്‍ ഏകവും അദ്വയവുമായ സത്യത്തിലേക്ക് ഒരു ജീവനെ അടുപ്പിക്കുന്ന കര്‍മ്മമാണ് ധര്‍മ്മം . ദാനധര്‍മ്മങ്ങള്‍ പോലും പേരിനും പ്രശസ്തിക്കും തന്റെ അഹങ്കാരത്തിന് ശക്തി കൂട്ടുന്നതുമാണെങ്കില് അത് ധര്‍മ്മം അല്ല .സത്യത്തോട് അടുക്കാന്‍ ഒരു കര്‍മ്മം എത്രമേല്‍ സഹായിക്കുന്നു എന്നതാണ് ഒരു കര്‍മ്മത്തെ ധര്‍മ്മമാകുന്നത് .
ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഗുരു വന്ദനം വിശ്വശാന്തി ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ പരമ്പരയില്‍ മെയ് 17 ഞായറാഴ്ച നടന്ന സത്സംഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികള്‍
ശ്രീ.മനോജ് തങ്കച്ചന്റെ ആമുഖത്തോടെ സമാരംഭിച്ച സത്സംഗത്തില്‍ , ശ്രീ . സജി കമലാസനന് സ്വാഗതം ആശംസിച്ചു . തുടര്‍ന്ന് സംപൂജ്യനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഗുരുസ്മരണയോടുകൂടി പ്രാര്‍ഥനകള്‍ക്കു തുടക്കം കുറിച്ചു .
തുടര്‍ന്ന് ,ഗുരുദേവന്റെ “ധര്‍മ്മം ” എന്ന ഏകശ്ലോകി ആയ കൃതിയെ ആസ്പദമാക്കി ശ്രീമദ് നിത്യസ്വരൂപാനന്ദ സ്വാമികള്‍ നടത്തിയ അനുഗ്രഹ പ്രഭാഷണം ആസ്വാദ്യകരമായിരുന്നു . “ധര്‍മ്മം ” എന്ന പദം വളരെയധികം ഉപയോഗിക്കപെട്ടുകൊണ്ടിരിക്കുന്നു. . ശ്രീ നാരായണ ധര്‍മ്മം , ധര്‍മ്മ ശാസ്ത്രങ്ങള്‍, സനാതന ധര്‍മ്മം , ധര്‍മ്മ പത്നി തുടങ്ങി ധര്‍മ്മവുമായി ബന്ധപ്പെട്ട നിരവധി പദങ്ങള്‍ .നാം കേള്‍ക്കാറുണ്ട്. പുരുഷാര്‍ത്ഥങ്ങളായ ” ധര്‍മ്മം , അര്‍ഥം , കാമം ,മോക്ഷം ഇവ തുടങ്ങുന്നതും ധര്‍മ്മം എന്ന പദത്തില്‍ നിന്നുതന്നെ . എന്തുകൊണ്ട് ധര്‍മ്മം ഇത്രത്തോളം പ്രധാനമായിരിക്കുന്നു ? മനുഷ്യ ജീവിതത്തിലേക്ക് നോക്കിയാല്‍ പരമ പുരുഷാര്‍ത്ഥമായ മോക്ഷം എല്ലാപേരും അറിയാതെ ആഗ്രഹിക്കുന്നത് കാണാം . പൂര്‍ണ്ണത നേടി ശാന്തമായ മനസ്സോടെ ആനന്ദമായി , സുഖമായി ഇരിക്കുക എന്ന ലക്ഷ്യം എല്ലാവരിലും ഉണ്ട് .
“അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു “
എന്ന ഗുരുദേവ വചനം ഓര്‍മിപ്പിച്ച സ്വാമിജി, എല്ലാവരും തേടുന്നത് ആത്മ സുഖമാണ് എന്ന് ഓര്‍മ്മിപ്പിച്ചു . മനുഷ്യ ജീവിതത്തിലേക്ക് നോക്കിയാല്‍ സുഖം നേടാന്‍ വേണ്ടി പുതിയ പുതിയ ആഗ്രഹങ്ങള്‍ (കാമം ), അവ നേടുന്നതിനായുള്ള പണസമ്പാദനം ( അര്‍ത്ഥം ) ഇവയില്‍ ചുറ്റപ്പെട്ടു കിടക്കുന്നു . ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കുവാനുള്ള നെട്ടോട്ടമാണ് ജീവിതം . ഇതു തെറ്റല്ല , എന്നിരുന്നാലും ഈ അര്‍ത്ഥ, കാമങ്ങള്‍ , ധര്മ്മപരമല്ലെങ്കില് പരമ പുരുഷാര്‍ത്ഥമായ മോക്ഷത്തിലേക്ക് മനുഷ്യജീവനെ അടുപ്പിക്കുകയില്ല. അറിയാതെ എങ്കിലും നമ്മുടെ ജീവനും ആ മോക്ഷസുഖം അന്വേഷിക്കുന്നു .
പ്രപഞ്ചത്തെ ധരിച്ചിരിക്കുന്നത് ഏതോ അത് ധര്‍മ്മം . പുണ്യ കര്‍മ്മത്തിന്റെ ഫലം സുഖവും , പാപ കര്‍മ്മ ത്തിന്റെ ഫലം ദുഃഖവും ആയിരിക്കും എന്ന് യുക്തിപരമായി ചിന്തിച്ചാല്‍ അറിയാവുന്നതേ ഉള്ളൂ . എന്നിരുന്നാലും മനുഷ്യര്‍ സുഖം നേടുന്നതിനായി പാപകര്‍മ്മം ചെയ്യുന്നു എന്തൊരു വിരോധാഭാസമാണ് ! ധര്‍മ്മം എന്ന പദം കര്മ്മത്തിന് മുന്നില്‍ ചേര്‍ത്താല്‍ മാത്രമേ സുഖത്തിലേക്ക് എത്തപ്പെടുവാന് കഴിയുകയുള്ളു. എങ്കില്‍ മാത്രമേ പുണ്യകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ മനുഷ്യന് സാധിക്കൂ .
ജീവിതത്തില്‍ എല്ലാം തങ്ങള്‍ക്കു അനുകൂലം ആകണമെന്ന് ആഗ്രഹിക്കുകയും , അതിനു വേണ്ട പുണ്യകര്‍മ്മങ്ങളില്‍ വിമുഖത കാണിക്കുകയും ചെയ്യുന്ന മനുഷ്യര്‍ ധര്‍മ്മം എന്തെന്ന് അറിയാത്തവരാണ് .
ധര്‍മ്മത്തെ പറ്റി ഇങ്ങനെ വിശദീകരിച്ച സ്വാമിജി, ഗുരുദേവന്റെ ധര്‍മഃ എന്ന ശ്ലോകത്തിലേക്കു കടന്നു .
“ധര്‍മ്മ ഏവ പരം ദൈവം
ധര്‍മ്മ ഏവ മഹാധനം
ധര്‍മ്മ സര്‍വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം .”
ധര്‍മ്മമാണ് പ്രപഞ്ചത്തിനു ആദികാരണമായ ദൈവം , ധര്‍മ്മമാണ് ഏറ്റവും വലിയ സമ്പത്ത് , ധര്‍മ്മം എല്ലായിടത്തും വിജയിക്കുന്നു , അങ്ങനെയുള്ള ധര്‍മ്മം മനുഷ്യവര്‍ഗത്തിനു മോക്ഷത്തിന് ഉപകരിക്കുമാറാകട്ടെ !
ധര്‍മ്മമാണ് ഏറ്റവും വലിയ സമ്പത്ത് . ഒരുവന് ധനം സമ്പാദിക്കുന്നതിന്റെ ലക്ഷ്യം അത് സുഖം നല്‍കും എന്ന വിശ്വാസമാണ് . അങ്ങനെ വരുമ്പോള്‍ സുഖസ്വരൂപമായ ബ്രഹ്മാനന്ദം ഏറ്റവും വലിയ ധനമാകാതെ തരമില്ല . അര്‍ത്ഥകാമങ്ങള്‍ ധര്‍മ്മ രൂപമായ കര്‍മ്മത്തിലേക്കും ആ കര്‍മ്മങ്ങള്‍ മോക്ഷത്തിലേക്കും നയിച്ചാലേ ഒരു മനുഷ്യ ജന്മം പൂര്‍ണ്ണതയില്‍ എത്തുന്നുളൂ .
ധര്‍മ്മം സര്‍വ്വത്ര വിജയിക്കുന്നു , ഈ പ്രപഞ്ചത്തിന്റെ താളവും , നിയമവും ധര്‍മ്മ ത്തില്‍ അധിഷ്ഠിതമാണ് . ധര്‍മ്മ ബുദ്ധിയോടെ ആര് സത്യത്തെ അന്വേഷിക്കുന്നോ അവന് വിജയിക്കും . ജീവിതത്തിന്റെ വിജയം , അത് പൂര്‍ണ്ണ ധന്യത ആയി എന്ന ആത്മ സംതൃപ്തി ആണ് . ധര്‍മ്മം അറിഞ്ഞുള്ള കര്മ്മത്തിന് മാത്രമേ അത് നല്കുവാന് കഴിയൂ .
ധര്‍മ്മം ശ്രേയസ്സിലേക്കു നയിക്കുന്നു . കര്‍മ്മങ്ങള്‍ ജീവിതത്തെ അനായാസമാക്കി മനുഷ്യജീവിതം ധന്യതയില്‍ എത്തിക്കേണ്ടതാണ് . ധര്‍മ്മത്തില്‍ അധിഷ്ഠിതമായ , സത്യത്തിലേക്ക് നയിക്കുന്ന ധര്‍മ്മം ശ്രേയസ്കരമെന്നു ഭഗവാന് പറയുന്നു .
ധര്‍മ്മ ത്തെ മുന്‍നിര്‍ത്തി മാത്രമേ ജീവിതം നയിക്കാവൂ .ഗുരുദേവന് ഉപദേശിച്ച പഞ്ച ധര്‍മ്മങ്ങളായ അഹിംസ ,സത്യം , അസ്തേയം , അവ്യഭിചാരം , മദ്യ വര്‍ജ്ജനം എന്നിവയെ പറ്റി സ്വാമിജി വിശദീകരിച്ചു . ഇതില്‍ അഹിംസ പരമമായ ധര്‍മ്മമാണെന്നും വാക്കിലോ , പ്രവൃത്തിയിലോ , ഒരു ജീവിയെ ദുഃഖിപ്പിക്കുന്നതു പോലും ഹിംസ ആണെന്നും സ്വാമിജി ഓര്‍മിപ്പിച്ചു .
ശ്രീ രാജന്കുട്ടി .കെ.എന്‍ , ശ്രീ .ബൈജു പാലക്കല്‍ എന്നിവര്‍ സത്സംഗത്തിനു ആശംസകള്‍ അര്‍പ്പിക്കുകയും ശ്രീമതി ഗീത ശശി അതിമനോഹരമായി ഗുരുസ്തുതി ആലപിക്കുകയും ചെയ്തു .
ശ്രീ സുജി വാസവന് സത്സംഗത്തിനു പങ്കെടുത്ത ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു .
വിശ്വശാന്തി പ്രാര്‍ത്ഥനാ യജ്ഞം എന്ന ഈ സത്സംഗ പരിപാടി , അതീവ ഹൃദ്യമായി സംഘടിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും , ഒപ്പം ഇതിന്റെ ഭാഗമായി പങ്കുകൊള്ളുന്ന ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കള്‍ക്കും പ്രണാമം
അടുത്ത ആഴ്ച, മെയ് 24 ഞായറാഴ്ച , ശ്രീമദ് ധര്‍മ്മ ചൈതന്യ സ്വാമികള്‍ ( ശിവഗിരി മഠം ശാഖയായ കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി ) നമ്മോട് സംവദിക്കുവാനെത്തുന്നു .വിശദ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.