
അയോവ: മയക്കുമരുന്നു കേസ്സില്‍ തനിക്കെതിരെ സാക്ഷി പറയുന്നതു തടയുക എന്ന ലക്ഷ്യത്തോടെ മൂന്നു മുതിര്‍ന്നവരേയും 2 കുട്ടികളേയും വെടിവച്ചു കൊലപ്പെടുത്തിയ ഡസ്റ്റിന്‍ ലി ഹങ്കന്റെ (52) വധശിക്ഷ ജൂലൈ 17 വെള്ളിയാഴ്ച നാലു മണിക്ക് ഇന്ത്യാന ഫെഡറല്‍ പ്രിസണില്‍ നടപ്പാക്കി. ഈയാഴ്ചയില്‍ വധശിക്ഷ നടപ്പാക്കിയ മൂന്നാമത്തെ ഫെഡറല്‍ കുറ്റവാളിയാണ് ഡസ്റ്റിന്‍.
പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു ഡസ്റ്റിന്‍. 1993–ല്‍ മയക്കുമരുന്നു കേസ്സില്‍ അറസ്റ്റിലായതിനു ശേഷം ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കേസ്സില്‍ ദൃക്‌സാക്ഷിയായിരുന്ന ഗ്രോഗ് നിക്കള്‍സന്റെ കാമുകി ലോറി ഡങ്കനേയും രണ്ടു കുട്ടികളേയും (10 വയസ്സും 6 വയസ്സും) തട്ടികൊണ്ടു പോയി കൊലപ്പെടുത്തി വൃക്ഷനിബിഡമായ പ്രദേശത്ത് മറവുചെയ്തു.
പിന്നീട് ഗ്രോഗ് നിക്കള്‍സണ്‍, ടെറി ഡിഗിയസ് എന്നിവരേയും കൊലപ്പെടുത്തി. 2005 ലാണ് ഇതുമായി ബന്ധപ്പെട്ട കേസ്സില്‍ ഫെഡറല്‍ കോടതി വധശിക്ഷ വിധിച്ചത്. 22 വര്‍ഷം ജയിലില്‍ കിടന്ന പ്രതിയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കുന്നതിന് അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വധശിക്ഷക്കു മുമ്പ് ഹെവന്‍ ഹെവന്‍ എന്നു കവിത ചൊല്ലിക്കൊണ്ടാണ് ഗര്‍ണിയില്‍ കിടന്നത്. വൈകിട്ട് 4 മണിക്ക് വിഷമിശ്രിതം കുത്തിവച്ചു 4.36ന് മരണം സ്ഥിരീകരിച്ചു.
ഫെഡറല്‍ കുറ്റവാളികളായ (ജൂലൈ 14) ന് ഡാനിയേല്‍ ലൂയിസ്, (ജൂലൈ 16) വെസ്‌ലി പുര്‍ക്കെ എന്നിവരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.
അതിക്രൂരമായി നടത്തുന്ന കൊലപാതകങ്ങള്‍ക്കാണ് ഫെഡറല്‍ കോടതി വധശിക്ഷ വിധിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്കുശേഷം ഫെഡറല്‍ കുറ്റവാളികളായ മൂന്നു പേരുടെ വധശിക്ഷ ഒരാഴ്ചയില്‍ തന്നെ നടപ്പാക്കുന്ന സംഭവം ആദ്യമാണ്.






































