gnn24x7

ഗ്ലോബൽ ഇന്ത്യൻ ന്യൂസ് പുരസ്‍കാര രാവ്; കാഴ്ചക്കാരുടെ ഹൃദയം നിറച്ച് ഗ്ലോബൽ ഐക്കൺ സജി തോമസ് കൊട്ടാരക്കര

0
201
gnn24x7


ഹൂസ്റ്റൺ: ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ രണ്ടാം അവാർഡ് നൈറ്റ് അമേരിക്കയിലും കേരളത്തിലുമുള്ള നിരവധി പ്രമുഖ വ്യക്തികൾക്ക് അവാർഡുനൽകി ആദരിച്ചപ്പോൾ സജി തോമസ് കൊട്ടാരക്കകരിയ്ക്ക് നൽകിയ അവാർഡ് വേറിട്ട കാഴ്ചയായി. സ്റ്റാഫോർഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ മെയ് 7 നു ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് നടന്ന ചടങ്ങിൽ ഗ്ലോബൽ  ഐക്കൺ അവാർഡിനർഹനായ സജി കൊട്ടാരക്കര  ഊന്നുവടിയില്‍ നടന്നു കയറിയത് ജീവിതവിജയത്തിന്റെ പുത്തന്‍ അധ്യായത്തിലേക്കായിരുന്നു.

കണ്ടുനിന്നവര്‍ കൈയടിച്ചതാകട്ടെ ഹൃദയം കൊണ്ടും. ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരദാന ചടങ്ങില്‍ കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറച്ച് സജി തോമസ് കൊട്ടാരക്കര. ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വീകരിക്കാനാണ് സജി തോമസ് കൊട്ടാരക്കര ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരദാന വേദിയിലെത്തിത്. സജിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ കേള്‍വിക്കാരുടെയും കണ്ണുകള്‍ നിറഞ്ഞു.

മുന്നോട്ടുള്ള യാത്രകള്‍ക്ക് ഈ പുരസ്‌കാരം പ്രചോദനമാണെന്നും ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നതായും സജി തോമസ് പറഞ്ഞു. സമ്മാനമായി കിട്ടിയ 1000 ഡോളർ  തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് നീക്കി വയ്ക്കുമെന്നും സജി തോമസ് പറഞ്ഞു. ഡിജിപി ടോമിന്‍ തച്ചങ്കരി, മിസ്സോറി സിറ്റി മേയർ റോബിന്‍ ഇലക്കാട്ട്, ബ്ലെസന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

പോളിയോ ബാധിച്ച് തളര്‍ന്ന കാലുകള്‍ സജി തോമസ് കൊട്ടാരയ്ക്കരയെ പിന്നിലേക്ക് നയിക്കുന്നില്ല എന്നതാണ് പ്രത്യേകത. നിരാലംബര്‍ക്ക് സ്‌നേഹത്തണലൊരുക്കി സജിയുടെ നേതൃത്വത്തില്‍ ഇതുവരെ നിര്‍മിച്ചു നല്‍കിയത് 13 വീടുകളാണ്. മൂന്നു പെണ്‍കുട്ടികളുടെ വിവാഹം നടത്തി. മുന്നൂറിലേറെ പേര്‍ക്ക് ഡയാലിസിസ് നടത്താന്‍ സൗകര്യമൊരുക്കി വരുന്നു. ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തും വായനശാലകളൊരുക്കിയും സഹായവിതരണങ്ങള്‍ നടത്തിയും സജി ഒരു നാടിന് കാവലായി മാറുകയാണ്. സജിയുടെ ഈ സവിശേഷതകള്‍ പരിഗണിച്ചാണ് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം സമ്മാനിച്ചത്.

ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7