
ഹൂസ്റ്റന്‍: വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടയില്‍ ഉറങ്ങി കിടന്നിരുന്ന കറുത്ത വര്‍ഗക്കാരിയും, മെഡിക്കല്‍ ജീവനക്കാരിയുമായ ബ്രിയോണ ടെയ്ലര്‍ (26) മാര്‍ച്ച് മാസം വെടിയേറ്റു മരിച്ച സംഭവത്തില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഹൂസ്റ്റണില്‍ പ്രതിഷേധക്കാര്‍ റോഡുകളില്‍ കിടന്നും വാഹന ഗതാഗതം തടസപ്പെടുത്തിയും പ്രതിഷേധിച്ചു.
ഞായറാഴ്ച വൈകിട്ടാണ് ഹൂസ്റ്റണ്‍ വീഥികളില്‍ ബ്രയോണ വീട്ടില്‍ ഉറങ്ങി കിടന്നിരുന്നതിനെ അനുസമരിച്ചു പുതിയ സമര മുറയ്ക്ക് പ്രതിഷേധക്കാര്‍ തയാറായത്. ദിവസങ്ങള്‍ക്കു മുമ്പ് ബ്രയോണ കൊല്ലപ്പെട്ട സംഭവത്തില്‍ കെന്റിക്കി ഗ്രാന്റ് ജൂറി പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുന്നതിന് വിസമ്മതിച്ചതാണ് രാജ്യമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് കാരണമായത്.
ഹൂസ്റ്റണില്‍ ആദ്യമായാണ് ഈ സംഭവത്തില്‍ പ്രതിഷേധ പ്രകടനം അരങ്ങേറുന്നത്. നിരവധി സ്ത്രീകളും രാഷ്ട്രീയ നേതാക്കളും, മതനേതാക്കളും പ്രകടനത്തില്‍ പങ്കെടുത്തു. തലയിണകളും ഷീറ്റുകളും പ്ലാകാര്‍ഡുകളുമായാണ് പ്രകടനക്കാര്‍ എത്തിയിരുന്നത്. ബ്രയോണ ടെയ്ലറിന് നീതി ലഭിച്ചില്ലെന്നു കോണ്‍ഗ്രസ് വുമണ്‍ ഷീല ജാക്‌സന്‍ ആരോപിച്ചു. നീതി ലഭിക്കുന്നതുവരെ അതിനായി പോരാടുമെന്നും അവര്‍ പറഞ്ഞു.






































