gnn24x7

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക, സനയുടെ പ്രവർത്തന ഉൽഘാടനം നിർവ്വഹിച്ചു -പി പി ചെറിയാൻ

0
317
gnn24x7

വാഷിംഗ്ടൺ ഡി സി:ജാതി മത ദേശ വംശ ചിന്തകൾക്ക് അതീതമായി എല്ലാ മനുഷ്യരും സാഹോദര്യത്തിൽ വസിക്കുന്ന വിഭജന മതിലുകളില്ലാത്ത ഒരു ലോകം വിഭാവനം ചെയ്ത വിശ്വ ഗുരു ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും ആത്മീയ പാരമ്പര്യങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള  അന്താരാഷ്ട്ര സംഘടനയായ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക, സനയുടെ പ്രവർത്തനം  വാഷിംഗ്ടൺ ഡി സി യിൽ ഉൽഘാടനം ചെയ്യപ്പെട്ടു.

ആശ്രമ സമുച്ചയത്തിന്റെ  സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും രാവിലെ 11.30 നും 12 മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടത്തപ്പെട്ടു. ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ നിർവഹിച്ച പ്രതിഷ്ഠാകർമ്മത്തിന് ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠന്മാരായ ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമികൾ ബ്രഹ്മശ്രീ ശങ്കരാനന്ദ സ്വാമികൾ  എന്നിവർ സഹ കാർമികത്വം വഹിച്ചു. തുടർന്ന് പുഷ്പകലശാഭിഷേകം, ശാരദാ പൂജ, ഗണപതിഹോമം എന്നി ചടങ്ങുകളും നടന്നു.

നോർത്ത് പോയിൻറ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ചാൾസ് കൗണ്ടി കമ്മീഷണർ റൂബിൻ കോളിൻസ് ഉദ്ഘാടനം ചെയ്തു. സ്വാമി ഗുരുപ്രസാദ് അധ്യക്ഷത വഹിച്ച സമ്മേളനത്തിന് ആശ്രമം പ്രസിഡൻറ് ഡോ ശിവദാസൻ മാധവൻ ചാന്നാർ, ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ, വൈസ് പ്രസിഡൻറുമാരായ മനോജ് കുട്ടപ്പൻ, അനിൽ കുമാർ, ട്രഷറർ സന്ദീപ് പണിക്കർ ,ജോ .സെക്രട്ടറി സാജൻ നടരാജൻ എന്നിവർ നേതൃത്വം നൽകി.

മേരിലാൻഡിലെ ചാൾസ് കൗണ്ടിയിൽ മനോഹരമായ ഭൂപ്രകൃതിയിൽ സ്ഥിതിചെയ്യുന്ന ആശ്രമത്തിൽ  യോഗ, ധ്യാന ക്ലാസുകൾ, പ്രഭാഷണങ്ങൾ, വർക്ക്ഷോപ്പുകൾ, റിട്രീറ്റുകൾ എന്നിവയുൾപ്പെടെ വിപുലമായ ആത്മീയവും വിദ്യാഭ്യാസപരവുമായ പരിപാടികൾ ഉൾപ്പെടുത്തി എല്ലാ പശ്ചാത്തലത്തിലുമുള്ള വ്യക്തികളുടെ ആത്മീയ വളർച്ചയ്ക്ക് ശാന്തവും സമാധാനപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതാണ് ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ലക്ഷ്യം.

വിശ്വമാനവികതയുടെ സന്ദേശമോതിയ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ദേശാന്തരങ്ങൾക്ക് അതീതമായി സ്വീകരിക്കപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്, ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനങ്ങൾക്ക് അതിലേക്ക് കൂടുതൽ  ഊർജം പകരാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7