gnn24x7

മനുഷ്യനില്‍ വച്ചുപിടിപ്പിച്ച പന്നിയുടെ ഹൃദയം രണ്ടാഴ്ചയ്ക്കുശേഷവും തുടിക്കുന്നു

0
422
gnn24x7

പി.പി. ചെറിയാന്‍

മേരിലാന്‍ഡ്: ലോകത്തിലാദ്യമായി പന്നിയുടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ജനുവരി 7-ന് നടന്ന യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററില്‍ ഡേവിഡ് ബെന്നറ്റില്‍ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുശേഷവും ഹൃദയം മിടിക്കുന്നു എന്നത് ആശ്ചര്യകരമാണെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറയുന്നു.

പൂര്‍ണ്ണമായും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായ രോഗിയുടെ മുന്നില്‍ മരണം മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. ഈ അവസ്ഥയില്‍ പന്നിയുടെ ഹൃദയം മാറ്റിവയ്ക്കുന്ന പരീക്ഷണത്തിന് വിധേയനാകാന്‍ രോഗിയും, ബന്ധുക്കളും, ഡോക്ടര്‍മാരും തയാറാകുകയായിരുന്നു.

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുമുമ്പ് പന്നിയുടെ ഹൃദയം പത്തോളം ജനിതക മാറ്റത്തിനു വിധേയമാക്കിയിരുന്നു. ഇത്രയും ദിവസങ്ങള്‍ പിന്നിട്ടിട്ടും രോഗിയുടെ ശരീരം പന്നിയുടെ ഹൃദയം തിരസ്‌കരിക്കുന്നതിനു തയാറായിട്ടില്ല. എന്നു മാത്രമല്ല സ്വീകരിക്കുന്ന ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്.

പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിക്കുക എന്ന ആദ്യ ശ്രമത്തിനു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി വേണമായിരുന്നു. ആദ്യം അനുമതി നിഷേധിച്ചുവെങ്കിലും പിന്നീട് ഗവേഷകര്‍ക്ക് ഒരു അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ അനുമതി നല്‍കുകയായിരുന്നു. മനുഷ്യ ഹൃദയം മറ്റൊരാളില്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കുന്നതിലൂടെ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും ജീവിക്കാനാവുമെന്നാണ് 90 ശതമാനം കേസുകളും തെളിയിച്ചിട്ടുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here