
പെന്‍സില്‍വേനിയ: പെന്‍സില്‍വേനിയ സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപിന്റെ ഇലക്ഷന്‍ കാമ്പയിന്‍ യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് മാത്യു ബ്രാണിന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. നവംബര്‍ 18 ബുധനാഴ്ച ഫയല്‍ ചെയ്ത കേസ് വാദം കേള്‍ക്കുന്നതിന് നവംബര്‍ 24-ലേക്ക് മാറ്റി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സംസ്ഥാന നിയമസഭയ്ക്ക് ഇലക്ടറല്‍ കോളജ് സിസ്റ്റത്തില്‍ വോട്ട് ചെയ്യുന്നതിന് ഇലക്ടറല്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം നല്‍കണമെന്നു ഹര്‍ജിയില്‍ പറയുന്നു.
അതോടൊപ്പം 2020-ലെ പൊതു തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും പെന്‍സില്‍വേനിയ ജനറല്‍ റിപ്പബ്ലിക്ക് പെന്‍സില്‍വേനിയയിലെ 20 ഇലക്ടറല്‍ വോട്ടേഴ്‌സിനെ തീരുമാനിക്കുന്നതിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പെന്‍സില്‍വേനിയയില്‍ നിന്നും 82,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ട്രംപിനെ പരാജയപ്പെടുത്തി സംസ്ഥാനത്തെ 20 ഇലക്ടറല്‍ വോട്ടുകളും ബൈഡന്‍ നേടിയിരുന്നു. ബൈഡന് 306-ഉം, ട്രംപിന് 232 ഇലക്ടറല്‍ വോട്ടുകളുമാണ് ലഭിച്ചിട്ടുള്ളത്. പെന്‍സില്‍വേനിയ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ട്രംപിന്റെ പേഴ്‌സണല്‍ ലീഗല്‍ ടീം റൂഡി ഗുലാനിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി ഞായറാഴ്ച തള്ളിയത് പുന:പരിശോധിക്കണമെന്നും, വോട്ടെണ്ണല്‍ സമയത്ത് റിപ്പബ്ലിക്കന്‍ നിരീക്ഷകര്‍ക്ക് പ്രവേശനം നിഷേധിച്ച നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. പകുതിയിലധികം റിപ്പബ്ലിക്കന്‍സ് ട്രംപിന്റെ വിജയം ബൈഡന്‍ ടീം തട്ടിയെടുത്തെന്നാണ് വിശ്വസിക്കുന്നത്. ബൈഡന്‍ വിജയിച്ചുവെന്നു പറയുന്നെങ്കിലും, ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ കാത്തിരിക്കണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.







































