gnn24x7

അമേരിക്കക്ക് താലിബാൻ മുന്നറിയിപ്പ് നൽകി

0
289
gnn24x7

കാബൂൾ: അഫ്​ഗാൻ മണ്ണിൽ ആക്രമണം ഉണ്ടാകരുതെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി താലിബാൻ. അൽഖ്വയ്ദ തലവൻ അയ്മാൻ സവാഹിരിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന അവകാശവാദമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്നറിയിപ്പുമായി താലിബാൻ രം​ഗത്തെത്തിയത്. സവാഹിരി കാബൂളിലുണ്ടെന്നതിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നും  താലിബാൻ വ്യക്തമാക്കി. ഞായറാഴ്ചയാണ് കാബൂളിലെ ഒളിത്താവളത്തിൽവെച്ച് അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ സവാഹിരിയെ കൊലപ്പെടുത്തിയത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ മുഖ്യസൂത്രധാരകരിലൊരാളാണ് അൽഖ്വയ്ദ തലവനായ സവാഹിരി. പ്രധാന ആസൂത്രകനായ ഒസാമ ബിൻലാദനെ പാകിസ്ഥാനിലെ അബട്ടാബാദിൽവെച്ച് അമേരിക്ക നേരത്തെ വധിച്ചിരുന്നു.

അമേരിക്ക വിവരം പുറത്തുവിടുന്നതുവരെ സവാഹിരി കാബൂളിലുണ്ടെന്ന വിവരം സർക്കാരിനും താലിബാൻ നേതൃത്വത്തിനും അറിയില്ലായിരുന്നെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയുടെ അവകാശവാദത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ പരസ്യമായി പങ്കിടുമെന്നും താലിബാൻ വക്താവ് പറഞ്ഞു. കാബൂളിൽ സവാഹിരിയുടെ സാന്നിധ്യമോ മരണമോ താലിബാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡ്രോൺ ആക്രമണത്തെ പരാമർശിച്ച് താലിബാൻ അമേരിക്കക്ക് മുന്നറിയിപ്പും നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയും അഫ്ഗാനിസ്ഥാന്റെ പ്രദേശത്തേക്ക് പ്രവേശിക്കുകയും ചെയ്താൽ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്ക് മാത്രമായിരിക്കുമെന്നും താലിബാൻ വ്യക്തമാക്കി. അമേരിക്കയുടെ ഡ്രോൺ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് താലിബാൻ നേതാക്കൾ ചർച്ചകൾ നടത്തുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here