gnn24x7

മലയാളി ജീവനക്കാരനെ കുറഞ്ഞ ശമ്പളത്തിന് അധികനേരം പണിയെടുപ്പിച്ചു; കേരള റസ്റ്റോറന്റിന് ഒരുകോടി രൂപയോളം പിഴ ചുമത്തി ഓസ്ട്രേലിയ

0
195
gnn24x7

ഓസ്ട്രേലിയ: കുറഞ്ഞ ശമ്പളത്തിന് മലയാളി ജീവനക്കാരനെ അധികനേരം പണിയെടുപ്പിച്ച കേരള റെസ്റ്റോറിന് ഓസ്ട്രേലിയ പിഴ ചുമത്തി. ന്യൂ സൗത്ത് വെയിൽസിലെ ഇല്ലവാരയിലുള്ള ആദിത്യ കേരളാ റെസ്റ്റോറന്റിനാണ് രണ്ട് ലക്ഷം ഡോളർ പിഴ (ഏകദേശം ഒരു കോടി രൂപയോളം) പിഴ വിധിച്ചത്. മലയാളിക്കും മറ്റൊരു പാകിസ്ഥാൻ പൗരനുമാണ് ആദിത്യ കേരള റെസ്റ്റോറന്റ് ഉടമ നഷ്ടപരിഹാരം നൽകേണ്ടത്. തൊഴിൽ വിസയിലെത്തിയ മലയാളിയായ മിഥുൻ ഭാസി, പാകിസ്ഥാൻ പൗരനായ മറ്റൊരു ജീവനക്കാരൻ എന്നിവരെ രണ്ടു വർഷത്തോളം ചൂഷണം ചെയ്തു എന്നാണ് കോടതിയുടെ കണ്ടെത്തൽ.

കുറഞ്ഞ ശമ്പളത്തിൽ കൂടുതൽ സമയം ജോലി ചെയ്യിച്ചു, മിനിമം വേതനം നൽകിയില്ല, നൽകിയ ശമ്പളം പോലും നിർബന്ധപൂർവം തിരികെ വാങ്ങി, സൂപ്പറാന്വേഷൻ നൽകിയില്ല തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതിന് തുടർന്ന് ന്യൂ സൗത്ത് വെയിൽസിലെ വൊളംഗോംഗിലും നൗറയിലുമുള്ള ആദിത്യ കേരള റെസ്റ്റോറന്റിനും ഉടമ വൈശാഖ് മോഹനൻ ഉഷയ്ക്കുമെതിരെയാണ് ഫെഡറൽ കോടതി വിധി.

ശമ്പള, സൂപ്പറാന്വേഷൻ കുടിശിക ഇനത്തിൽ മിഥുൻ ഭാസിക്ക് 93,000 ഡോളറും പാക്കിസ്ഥാൻ പൗരന് ഒരു ലക്ഷം ഡോളറും നൽകാനാണ് കോടതി ഉത്തരവിട്ടത്. ഇതിനു പുറമേ, ഇരുവർക്കും റെസ്റ്റോറന്റ് ഉടമകൾ ഒരു ലക്ഷം ഡോളർ വീതം നഷ്ടപരിഹാരവും നൽകണം. ഓഗസ്റ്റ് 21ന് മുൻപ് തന്നെ ഈ തുക നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തുക ഒരുമിച്ച് നൽകുന്നതിന് പകരം, തവണകളായി നൽകിത്തീർക്കാം എന്ന് റെസ്റ്റോറന്റ് ഉടമകൾ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഇത് കോടതി നിരസിച്ചു. റെസ്റ്റോറന്റ് ഉടമകളുടെ സാമ്പത്തിക സ്രോതസിൽ പരിമിതികളുണ്ടെന്ന കാര്യം മനസിലാക്കുന്നുണ്ടെന്നും എന്നാൽ
തവണകളായി നഷ്ടപരിഹാരം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തവണകളായി പണം നൽകിയാൽ നഷ്ടപരിഹാരം പൂർണമായി നൽകാൻ 16 വർഷമെങ്കിലും എടുക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

തൊഴിൽ വിസയിലെത്തിയ രണ്ടു ജീവനക്കാരും 2016 മുതൽ 2018 റെസ്റ്റോറന്റുകളിൽ ചൂഷണം നേരിട്ടു എന്ന പരാതിയുമായാണ് രംഗത്തെത്തിയത്. ദിവസം 12 മണിക്കൂർ വീതം ആഴ്ചയിൽ ആറു ദിവസം ജോലി ചെയ്യണമായിരുന്നുവെന്നും, എന്നാൽ ആകെ 38 മണിക്കൂറിന്റെ ശമ്പളം മാത്രമാണ് നൽകിയതെന്നും ഇവർ ആരോപിച്ചു. ഇത്തരത്തിൽ നൽകുന്ന ശമ്പളം പോലും പണമായി തിരികെ വാങ്ങുമായിരുന്നു എന്നാണ് ആരോപണം.
വിസ സ്പോൺസർഷിപ്പിന്റെ പേരിലും, നികുതി അടയ്ക്കണം എന്ന പേരിലുമെല്ലാം റെസ്റ്റോറന്റ് ഉടമകൾ പണം തിരികെ വാങ്ങിയതായും ഇവർ പരാതിപ്പെട്ടിരുന്നു. ഇരുവരുടെയും പരാതിയെത്തുടർന്ന റെസ്റ്റോറന്റിന്റെ സ്വത്തുക്കൾ നേരത്തേ ഫെഡറൽ കോടതി മരവിപ്പിച്ചിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7