മധ്യപ്രദേശ്: മധ്യപ്രദേശില്‍ ദുബായില്‍ നിന്നും തിരിച്ചെത്തിയ വ്യക്തിക്കുള്‍പ്പെടെ 11 ബന്ധുക്കള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൊറിന ജില്ലയിലാണ് സംഭവം.
കഴിഞ്ഞ മാസം ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഇദ്ദേഹം മരിച്ചുപോയ അമ്മയുടെ സ്മരണാര്‍ത്ഥം 1500 പേര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. സ്ഥലം കൊവിഡ് വൈറസിന്റെ ഹോട്ട്‌സ്‌പോട്ട് ആവാതിരിക്കാന്‍ വേണ്ടി അധികൃതര്‍ കോളനി സീല്‍ ചെയ്തിട്ടുണ്ട്.
ദുബായില്‍ വെയിറ്ററായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
മാര്‍ച്ച് 17 ന് തിരിച്ചെത്തിയ ഇദ്ദേഹം ചടങ്ങ് നടത്തുകയായിരുന്നു. മാര്‍ച്ച് 25നാണ് ഇദ്ദേഹത്തിന് കൊവിഡിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. എന്നാല്‍ മാര്‍ച്ച് 29നാണ് ആശുപത്രിയില്‍ കാണിച്ചത്.
ഇദ്ദേഹത്തേയും ഭാര്യയേയും ക്വാറന്റൈനില്‍ ആക്കിയിരുന്നു. വ്യാഴാഴ്ച ഇരുവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് രോഗബാധിതന്റെ 23 ബന്ധുക്കളേയും പരിശോധനയ്ക്ക് വിധേയമാക്കി. അതില്‍ 10 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
” രണ്ട് രോഗികളുമായി ഇടപെട്ട 23 പേരുടെ സാമ്പിളുകള്‍ ഞങ്ങള്‍ അയച്ചു, വെള്ളിയാഴ്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചു, ”മൊറീന ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആര്‍.സി ബന്ദില്‍ പറഞ്ഞു.
”ഇവരില്‍ എട്ട് സ്ത്രീകളുള്‍പ്പെടെ 10 പേര്‍ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. 12 രോഗികളും ഇപ്പോള്‍ ആശുപത്രിയില്‍ ക്വാറന്റൈനിലാണ്. അതേസമയം പരിശോധനയില്‍ നെഗറ്റീവ് ആയവരെ 14 ദിവസത്തെ വീടുകളില്‍ ഐസൊലേഷനില്‍ ആക്കിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ദുബായിലെ അധികൃതര്‍ പരിശോധിച്ചിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നെന്നും എന്നാല്‍ മൊറീനയിലേക്ക് വരുന്നതിന് രണ്ട് ദിവസം മുമ്പ് ഭാര്യക്ക് അസുഖം ബാധിച്ചതായും രോഗബാധിതന്‍ പറഞ്ഞു.








































