gnn24x7

കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാൻ 26 അംഗ സംഘം യാത്ര തിരിച്ചു

0
204
gnn24x7

തിരുവനന്തപുരം: കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള 26 അംഗ സംഘം യാത്ര തിരിച്ചു. സെക്രട്ടറിയേറ്റിന് മുമ്പില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംഘത്തെ യാത്രയയച്ചു.

കാര്‍സര്‍ഗോഡ് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്രയും ദൂരം യാത്ര ചെയ്ത് സേവനം ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാരെ അഭിനന്ദിക്കുന്നതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

നാല് ദിവസം കൊണ്ട് കാസര്‍ഗോഡ് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാനാണ് സംഘം യാത്ര തിരിക്കുന്നത്. ഇവര്‍ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും അനുഭവങ്ങളും പരിചയസമ്പത്തും കാസര്‍ഗോഡിന് കരുത്താകുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവുമധികം കോവിഡ് രോഗികളുള്ള ജില്ലയാണ് കാസര്‍ഗോഡ്. അവര്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കാസര്‍ഗോഡ് മെഡിക്കല്‍ കോളജിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനെ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നത്. 200 ഓളം കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് സജ്ജമാക്കിവരുന്നത്. ഒന്നാം ഘട്ടത്തില്‍ 7 കോടിയാണ് ഈ ആശുപത്രിയ്ക്കായി അനുവദിച്ചിട്ടുള്ളത്. ആശുപത്രിക്കാവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളുമെല്ലാം അടിയന്തരമായി സജ്ജമാക്കി വരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റെ ഏകോപനത്തില്‍ 2 ഡോക്ടര്‍മാര്‍, 2 നഴ്‌സുമാര്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ 5 ടീമുകളായി തിരിച്ചാണ് പ്രവര്‍ത്തനം നടത്തുക. കോവിഡ് ഒ.പി., കോവിഡ് ഐ.പി., കോവിഡ് ഐ.സി.യു. എന്നിവയെല്ലാം ഇവരുടെ മേല്‍നോട്ടത്തില്‍ സജ്ജമാക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here