റാച്ചി: കള്ളന്മാരായാലും മനുഷ്യരല്ലേ, ഒരാൾ മുന്നിൽ നിന്ന് കരയുന്നത് കണ്ടാൽ മനസ്സലിയും. പറഞ്ഞു വരുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയെ കുറിച്ചാണ്.
ഡെലിവറി ബോയിയെ കവർച്ച ചെയ്യാനെത്തിയ രണ്ടംഗ സംഘം ചെറുപ്പക്കാരന്റെ കരച്ചിൽ കണ്ട് പിടിച്ചുപറിച്ച സാധനം മടക്കി നൽകി. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഏറെ പ്രചരിച്ച സിസിടിവി വീഡിയോ ആണിത്.
ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാരാണ് “നന്മയുള്ള കള്ളന്മാർ”. ഡെലിവറി പാക്കേജുമായി ബൈക്കിൽ എത്തിയ യുവാവിന് സമീപമായി ഇവർ ബൈക്ക് നിർത്തുന്നത് വീഡിയോയിൽ കാണാം. ചെറുപ്പക്കാരന്റെ കയ്യിലുള്ള പാക്കറ്റ് ഇവർ പിടിച്ചു പറിക്കുന്നു. ഇതോടെ കവർച്ചയ്ക്കിരയായ ചെറുപ്പക്കാരൻ കരയാൻ തുടങ്ങി.
ഇതോടെ മനസ്സലിഞ്ഞ കവർച്ചക്കാർ പാക്കറ്റ് തിരിച്ചു നൽകുന്നത് വീഡിയോയിൽ കാണാം. അതുകൊണ്ടും തീർന്നില്ല. സംഘത്തിലെ ഒന്നാമൻ ചെറുപ്പക്കാരനെ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുന്നുണ്ട്. അടുത്തയാൾ ഹസ്തദാനവും നൽകി. ഇതിനു ശേഷം ഇരുവരും ബൈക്കുമെടുത്ത് പോയി.
പാകിസ്ഥാനി ന്യൂസ് പോർട്ടലായ എക്സ്പ്രസ് ട്രിബ്യൂൺ ആണ് ട്വിറ്ററിൽ വീഡിയോ അപ്ലോഡ് ചെയ്തത്. ഇതിനകം ഒരുലക്ഷത്തിനടുത്ത് വ്യൂസ് ആണ് വീഡിയോയ്ക്ക് ലഭിച്ചത്. മനുഷ്യത്തമുള്ള കള്ളന്മാരെ അഭിനന്ദിച്ചുകൊണ്ട് നിരവധി റീട്വീറ്റുകളും വന്നിട്ടുണ്ട്.