gnn24x7

കാമുകി കൊല്ലപ്പെട്ടതിന് 13 വർഷം ജയിലിൽ കഴിയേണ്ടി വന്ന മുൻ എംബിബിഎസ് വിദ്യാർഥിക്ക് 42 ലക്ഷം രൂപ നഷ്ടപരിഹാരം

0
175
gnn24x7

ജബൽപുർ: കാമുകി കൊല്ലപ്പെട്ട കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച് 13 വർഷമായി ജയിലിൽ കിടക്കുന്ന ഗോത്രവിഭാഗക്കാരനായ മുൻ എംബിബിഎസ് വിദ്യാർഥിയെ മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. 2008ൽ നടന്ന കൊലപാതകത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ട ചന്ദ്രേഷ് മാർസ്കോളിനെ (34) ഉടൻ മോചിപ്പിക്കാനാണ് ഡിവിഷൻ ബെഞ്ച് വിധിച്ചത്. തടവറയിൽ യുവത്വം ഹോമിക്കേണ്ടിവന്ന ചന്ദ്രേഷിന് നഷ്ടപരിഹാരമായി 42 ലക്ഷം രൂപ സംസ്ഥാന സർക്കാർ 90 ദിവസത്തിനുള്ളിൽ നൽകണമെന്നും കോടതി വിധിച്ചു.

കേസിന്റെ അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നെന്നും ചന്ദ്രേഷിനെ കുടുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയായിരുന്നു അന്വേഷണമെന്നും ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സുനിത യാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ഭോപാലിലെ ഗാന്ധി മെഡിക്കൽ കോളജിൽ ചന്ദ്രേഷ് അവസാന വർഷ എംബിബിഎസ് വിദ്യാർഥിയായിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. ചന്ദ്രേഷിന്റെ കാമുകിയുടെ മൃതശരീരം മലയോര സുഖവാസകേന്ദ്രമായ പച്ച്മാർഹിയിലെ മലയിടുക്കിൽ കണ്ടെത്തി. ഇതെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ, സംഭവത്തിനു 3 ദിവസം മുൻപ് ചന്ദ്രേഷ് തന്റെ കാർ കൊണ്ടുപോയെന്നും കൊലപാതകവുമായി ഇതിനു ബന്ധമുണ്ടെന്നു സംശയിക്കുന്നതായും കോളജിൽ സീനിയറായിരുന്ന ഡോ. ഹേമന്ത് വർമ പൊലീസിനെ അറിയിച്ചു. പച്ച്മാർഹിയിലേക്ക് ഒപ്പം പോയ ഹേമന്തിന്റെ ഡ്രൈവറും ഇതു ശരിവച്ചതോടെ ചന്ദ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് 2009ൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇതിനെതിരെ ചന്ദ്രേഷ് നൽകിയ അപ്പീലിലാണ് കേസന്വേഷണം അടിമുടി അട്ടിമറിച്ചതായി ഹൈക്കോടതി കണ്ടെത്തിയത്.

ഹേമന്ത് വർമയും ചന്ദ്രേഷും തമ്മിൽ ക്യാംപസ് രാഷ്ട്രീയത്തിന്റെ പേരിൽ ശത്രുതയുണ്ടായിരുന്നെന്നും ഭോപാൽ ഐജിയായിരുന്ന ശൈലേന്ദ്ര ശ്രീവാസ്തവയെ സ്വാധീനിച്ച് ഹേമന്ത് അന്വേഷണം അട്ടിമറിച്ചെന്നും നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച് ഇയാൾക്ക് കൊലപാതകവുമായി ബന്ധമുണ്ടാകാമെന്നും ചൂണ്ടിക്കാട്ടി. ഐഎസ് ആർഒ ചാരക്കേസിൽ അന്യായമായി പ്രതിയാക്കപ്പെട്ട് ജയിലിൽ കിടക്കേണ്ടിവന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നൽകാൻ സുപ്രീം കോടതി വിധിച്ചതും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here