gnn24x7

വിദേശിയെ അവഹേളിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു; പോലീസുകാരന് സസ്‌പെന്‍ഷന്‍

0
431
gnn24x7

കോവളം: പുതുവര്‍ഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയില്‍ പോലീസുകാരനെതിരെ നടപടി. ഇതുമായി ബന്ധപ്പെട്ട് കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ് പ്രാഥമിക കണ്ടെത്തലിൽ ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തിലാണ് നടപടി എടുത്തിരിക്കുന്നത്.

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പോലീസ് നടപടി ടൂറിസത്തിന് തിരിച്ചടിയാണെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് സര്‍ക്കാരിന് ഒപ്പം നിന്ന് അള്ള് വെക്കുന്നവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് അനില്‍കാന്ത് താഴെ തട്ടിലേക്ക് നിര്‍ദേശം നല്‍കിയിരുന്നത്.

കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നാലു വര്‍ഷമായി താമസിക്കുന്ന സ്വീഡന്‍ സ്വദേശി സ്റ്റീഫന്‍ ആസ്‌ബെര്‍ഗിനെ (68) യാണ് കോവളം പോലീസ് അവഹേളിച്ചെന്ന് ആക്ഷേപമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം. വെള്ളാറിലുള്ള ബിവറേജ് ഔട്ട്ലെറ്റില്‍നിന്നാണ് സ്റ്റീഫന്‍ ആസ്‌ബെര്‍ഗ് മൂന്നു കുപ്പി വിദേശമദ്യം വാങ്ങിയത്. ഇതുമായി ഹോട്ടലിലേക്കു പോകുമ്പോള്‍ വാഹനപരിശോധന നടത്തുകയായിരുന്ന കോവളം പോലീസ് സ്‌കൂട്ടര്‍ കൈകാണിച്ചു നിര്‍ത്തി. ബാഗില്‍ മദ്യമുണ്ടോയെന്നും ഉണ്ടെങ്കില്‍ ബില്ല് കാണിക്കണമെന്നും ആവശ്യപ്പെട്ടു. ബാഗ് തുറന്ന് മദ്യക്കുപ്പികളെടുത്തു കാണിച്ചെങ്കിലും ബില്ല് നല്‍കിയില്ല. പോലീസുകാര്‍ വീണ്ടും ബില്ല് ആവശ്യപ്പെട്ടു. ബില്ല് ഇദ്ദേഹത്തിന്റെ കൈവശമില്ലായിരുന്നു. തുടര്‍ന്ന് സ്റ്റീഫന്‍ ബാഗിലുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളില്‍നിന്ന് രണ്ടെണ്ണമെടുത്ത് മദ്യം ഒഴുക്കിക്കളഞ്ഞു. മൂന്നാമെത്ത കുപ്പി ബാഗില്‍ത്തന്നെ വച്ചു. പോലീസ് തന്നോട് ദേഷ്യത്തോടെ സംസാരിച്ചതിന്റെ മാനസിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറയുകയുണ്ടായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here