ന്യൂഡൽഹി: രണ്ട് മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഡൽഹിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മധുർ മലാനി എന്ന 44കാരനാണ് മക്കളെ കൊന്ന ശേഷം ജീവനൊടുക്കിയത്. മധുറിന്റെ ഉടമസ്ഥതയിലുള്ള സാൻഡ് പേപ്പർ നിർമ്മാണ കമ്പനി സാമ്പത്തിക ബാധ്യതയെ തുടർന്ന് ആറുമാസം മുമ്പ് പൂട്ടിയിരുന്നു. ഇതിന് ശേഷം ഇയാൾ തൊഴിൽരഹിതനായിരുന്നു.
ജോലി ഇല്ലാതായതിനെ തുടർന്നുണ്ടായ മനോവിഷമമാണ് കൃത്യം ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഷാലിമാർ ബാഗിൽ വാടകവീട്ടിലാണ് ഭാര്യക്കും മക്കൾക്കുമൊപ്പം മധുർ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഭാര്യ രൂപാലി എന്തോ ആവശ്യത്തിനായി പുറത്തിറങ്ങിയപ്പോഴാണ് ഇയാൾ മക്കളെ കൊലപ്പെടുത്തിയതെന്ന് സൂചന.
രണ്ട് മുറികളിലായാണ് മക്കളായ സമീക്ഷ (14), ഷരിയാൻ (6) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവുകയുള്ളു.
മക്കളെ കൊലപ്പെടുത്തിയ ശേഷം ഹൈദർപുർ മെട്രോ സ്റ്റേഷനിലെത്തിയ മധുർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.