റിയാദ്: സൗദിയില്‍ കാലാവസ്ഥ മുന്നറിയിപ്പ്.
സൗദിയില്‍ ഒരാഴ്ചത്തേക്ക് ശക്തമായ ശീതക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുനിന്നാണ് കാറ്റ് തുടങ്ങുക. പിന്നീട് മധ്യ ഭാഗത്തേക്കും തെക്കു-കിഴക്കു പ്രവിശ്യകളിലേക്കും എത്തും. വ്യാഴാഴ്ച വരെ കാറ്റ് തുടരുമെന്നാണ് റിപ്പോര്‍ട്ട്.
കാലാവസ്ഥാ മാറ്റത്തെതുടര്‍ന്നാണ് ശീതക്കാറ്റ് വീശുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ശീതക്കാറ്റാണ് അടിക്കുകയെന്ന് അല്‍ ഖസീം സര്‍വകലാശാല പ്രഫ. സാലിഹ് അല്‍ റബീയാന്‍ അറിയിച്ചു.
കൃഷിയെയും കന്നുകാലികളെയും കാറ്റ് പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ശീതക്കാറ്റിനെത്തുടര്‍ന്ന് താപനില പൂജ്യത്തിലും താഴുമെന്നാണ് സൂചന. ചൂട് വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ സുരക്ഷിതവും കുറ്റമറ്റതുമാവണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, കല്‍ക്കരി വിറക് എന്നിവ വീടിന് വെളിയില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, അതിശൈത്യം കണക്കിലെടുത്ത് സൗദിയിലെ ഉത്തര അതിര്‍ത്തി പ്രവിശ്യകളില്‍ സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മൂന്നു ദിവസത്തേക്കാണ് സമയമാറ്റമെന്ന് പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് മേധാവി അറിയിച്ചു.