തിരുവനന്തപുരം: കാട്ടാക്കടയിൽ ഭൂവുടമയെ ജെസിബി ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ 7 പ്രതികൾ അറസ്റ്റിൽ. ജെ സി ബി ഉടമ സജു, ഡ്രൈവർ വിജിൻ, ടിപ്പർ ഉടമ ഉത്തമൻ, കൂട്ടാളികളായ ലിനു, മിഥുൻ, ലാൽകുമാർ, വിനീഷ് എന്നിവരാണ് അറസ്റ്റിലായത്.
മുഖ്യ പ്രതികളിൽ ഒരാളായ ബൈജുവിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടാനാകുമെന്നും പോലീസ് അറിയിച്ചു. കേസിൽ കുടുതൽ പ്രതികൾ ഉണ്ടെന്ന് സംശയമുണ്ട്. ഇത് പരിശോധിച്ച് വരികയാണെന്നും റൂറൽ എസ് പി, ബി അശോകൻ പറഞ്ഞു.
സംഭവത്തിൽ പോലീസിന്റെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടായെന്ന പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകുമെന്നും എസ് പി പറഞ്ഞു. പ്രതികളെല്ലാവരും മണ്ണ് മാഫിയ സംഘത്തിൽപെട്ടവരാണ്. മണ്ണെടുപ്പ് തടഞ്ഞതും പൊലീസിനെ അറിയിച്ചതിലെ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവ സ്ഥലത്ത് നിന്നും അഞ്ചു ലോഡ് മണ്ണെടുത്തിരുന്നു ആറാം ലോഡ് എടുക്കുന്നതിനിടെയാണ് സംഗീത് എത്തി തർക്കം ആരംഭിക്കുന്നതും കൊലപാതകത്തിലേക്ക് നയിച്ചതും.